വിദ്യാലയങ്ങളിൽ സ്റ്റാമ്പ് വഴിയുള്ള പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ
1580968
Sunday, August 3, 2025 7:27 AM IST
കാസർഗോഡ്: വിദ്യാലയങ്ങളിൽ നിന്ന് സ്റ്റാമ്പ് വഴിയുള്ള സർക്കാരിന്റെ നിർബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 10 വർഷം മുമ്പുള്ള സ്റ്റാമ്പുകൾ നൽകിയാണ് മുഖ്യാധ്യാപകരോട് തുക അടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അധ്യാപകരിൽ നിന്നും 200 രൂപ വീതം പിരിച്ചെടുക്കാനാണ് വാക്കാലുള്ള നിർദേശം
. ഇപ്രകാരം ഏതാണ്ട് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ സ്റ്റാമ്പുകളാണ് ജില്ലയിൽ വിതരണം ചെയ്തിരിക്കുന്നത്. 2022 ൽ സ്കൂളുകളിലെ സ്റ്റാമ്പ് വിൽപന തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് വന്നതിനു ശേഷം ഒളിഞ്ഞും തെളിഞ്ഞും മുഖ്യാധ്യാപകരെ സമ്മർദത്തിലാക്കിയാണ് സ്റ്റാമ്പുകൾ അടിച്ചേൽപ്പിക്കുന്നത്.
മിക്കപ്പോഴും സ്റ്റാമ്പുകളുടെ തുക മുഖ്യാധ്യാപകരും മറ്റ് അധ്യാപകരും ചേർന്ന് വീതിച്ചെടുക്കേണ്ട അവസ്ഥയാണ്. സർക്കാർ വിദ്യാലയങ്ങൾക്ക് മൂന്നുവർഷമായി മെയിന്റനൻസ് ഫണ്ട് പോലും ലഭിക്കാത്തതിനാൽ മുഖ്യാധ്യാപകർ ദുരിതത്തിലാണ്.
ഇതിനിടയിലാണ് വീണ്ടും സ്റ്റാമ്പുകൾ അടിച്ചേൽപ്പിക്കുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ മെയിന്റനൻസിനു വേണ്ടി യാതൊരു സാമ്പത്തിക സഹായവും നൽകാതെ സ്കൂൾ സുരക്ഷാ ഓഡിറ്റ് നടത്തുന്നത് അപഹാസ്യമാണെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.കെ. ഗിരീഷ്, പി. ശശിധരൻ, അലോഷ്യസ് ജോർജ്, എം.കെ. പ്രിയ, സ്വപ്ന ജോർജ്, പി. ജലജാക്ഷി, സി.എം. വർഗീസ്, കെ.വി. ജനാർദനൻ, ആർ.വി. പ്രേമാനന്ദൻ, സി.കെ. അജിത, ടി. മധുസൂദനൻ, ജിജോ പി. ജോസഫ്, സി.പി. പ്രീതി, കെ. ഗോപാലകൃഷ്ണൻ, പി. ശ്രീജ എന്നിവർ പ്രസംഗിച്ചു.