അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍: ജില്ലയിലെ ഗവ. സ്കൂളുകള്‍ വീണ്ടും അധ്യാപക ക്ഷാമത്തിലേക്ക്
1581140
Monday, August 4, 2025 2:14 AM IST
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനു ശേഷമുള്ള അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫറിന്റെ കരട് പട്ടിക പുറത്തിറങ്ങിയതോടുകൂടി ജില്ലയില്‍ വീണ്ടും അധ്യാപകക്ഷാമം രൂക്ഷമാകാന്‍ സാധ്യത. നിലവില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനവും തെക്കന്‍ ജില്ലകളിലെ അധ്യാപകരാണ്. ഇക്കഴിഞ്ഞ പൊതുസ്ഥലംമാറ്റത്തില്‍ അവരില്‍ മിക്കവരും നാട്ടിലേക്ക് മടങ്ങി.
ശേഷിക്കുന്നവരും അടുത്ത ആഴ്ചയോടെ സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്നതിനാല്‍ ജില്ലയിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പല വിഷയങ്ങള്‍ക്കും അധ്യാപകരെ കിട്ടാത്ത അവസ്ഥ വരും. ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉള്ള സ്കൂളുകളിലാണ് അധ്യാപകക്ഷാമം രൂക്ഷം.
നിലവില്‍ പല സ്കൂളുകളിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന അതിഥി അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ല. ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
എച്ച്എസ്എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാശിവന് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി. അഭിരാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ. ഹരിപ്രസാദ്, ടി.കെ. വസന്തകുമാരി, വി.കെ. പ്രിയ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സോജി ചാക്കോ സ്വാഗതവും എം. രവി നന്ദിയും പറഞ്ഞു.