എന്നു തീരും ഈ ദുരിതയാത്ര?
1581383
Tuesday, August 5, 2025 1:52 AM IST
ഭീമനടി: വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലിക്കടവ് -കുറുഞ്ചേരി റോഡിന്റെ അശാസ്ത്രീയ ഓവുചാൽ നിർമാണത്തെതുടർന്ന് കാലിക്കടവ് ജംഗ്ഷനിൽ അപകടകരമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ദിനംപ്രതി അനവധി സ്കൂൾ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന പഞ്ചായത്തിലെ പ്രധാന റോഡാണ് കാലിക്കടവ് കുറുഞ്ചേരി റോഡ്.
കൂവപ്പാറ കോളനി, സബ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. തകർന്ന സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴി മനസിലാകാതെ നിരവധി സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ കടന്ന് പോകുമ്പോൾ അപകടം സംഭവിക്കുക ഇവിടെ പതിവാണ്. മാസങ്ങളായി തകർന്നുകിടക്കുന്ന കാലിക്കടവ് കുറുഞ്ചേരി റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ കാലിക്കടവ് നവോദയ സംഘം പ്രതിഷേധിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ റോഡിന്റെ ടാറിംഗിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മഴ മാറി ടാറിംഗ് പ്രവർത്തി ആരംഭിക്കുന്നതുവരെ താത്കാലികമായ ഒരു പരിഹാരം അധികൃതരുടെ ഭാഗത്തും നിന്നും ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആന്റണി ജോസഫ്, സെക്രട്ടറി ടോണി ജോസഫ്, സ്കറിയ ഫിലിപ്പ്, സാജു മാരൂർ, സി.ജെ. സണ്ണി, സന്തോഷ്, കെ. രാജു എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നായ ആയന്നൂർ-കൊല്ലാട റോഡ് പലയിടത്തും തകർന്നു. മഴക്കാലത്തിനു മുൻപ് റോഡിൽ കൊല്ലാട മുതലുള്ള ഒരുകിലോമീറ്ററിലേറെ ഭാഗം പഞ്ചായത്ത് റീടാറിംഗ് നടത്തിയിരുന്നു. ശേഷിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടക്കാത്തതിനാലാണ് ഇപ്പോൾ മഴയിൽറോഡ് തകർന്നത്.
ഇതേ റോഡിലെ വീതികുറഞ്ഞ ആയന്നൂർ കലുങ്കും നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ തോടരികിൽ റോഡ് അപകടത്തിലായതിനാൽ നാട്ടു കാർ റിബൺകെട്ടി താത്കാലിക കൈവരി തീർത്താണ് അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
10 വർഷം മുൻപ് കെ.കുഞ്ഞിരാമൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് വീതികുട്ടി നവീകരിച്ചത്. പിന്നീട് കാര്യമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
സ്കൂൾ ബസുകൾ ഉൾപ്പെടെ നിത്യേന വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ്, കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാലിനെയും ചെറുപുഴയെയും ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ വിവിധ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന യാത്രാമാർഗം കൂടിയാണ്. നേരത്തെ സംസ്ഥാന ബജറ്റിൽ ഈ റോഡ് ഉൾപ്പെടുന്ന പെരളം-ആയന്നൂർ -നീലംപാറ റോഡ് നവീകരിക്കാൻ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും അതും യാഥാർഥ്യമായില്ല.