ചങ്ങാതിക്കൊരു തൈ; ജില്ലയില്‍ കൈമാറിയത് 50,000 വൃക്ഷത്തൈകള്‍
1581388
Tuesday, August 5, 2025 1:52 AM IST
കാസര്‍ഗോഡ്: സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആഹ്വാനവുമായി ലോക സൗഹാര്‍ദ്ദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കലാലയങ്ങളിലും വിദ്യാലയങ്ങളിലുമായി ഓഗസ്റ്റ് നാലു വരെ കൈമാറിയത് 50,000 വൃക്ഷത്തൈകള്‍.
വിദ്യാലയങ്ങളില്‍ 32,500 വൃക്ഷത്തൈകള്‍ കൈമാറിയപ്പോള്‍, കലാലയങ്ങളിലും സാങ്കേതിക സ്ഥാപനങ്ങളിലുമായി 7200 തൈകളും ഹരിതകര്‍മസേന അംഗങ്ങള്‍ 2100 തൈകളുമാണ് സുഹൃത്തുക്കള്‍ക്ക് കൈമാറി നട്ടുപിടിപ്പിച്ചത്.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരു തൈ നടാം എന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ വിദ്യാലയങ്ങളില്‍ സുഹൃത്തുകള്‍ക്ക് വൃക്ഷത്തൈകള്‍ കൈമാറി നട്ടുപിടിപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.
വൃക്ഷത്തൈകള്‍ വിദ്യാര്‍ഥികള്‍ തന്നെ ശേഖരിച്ചാണ് സുഹൃത്തുകള്‍ക്ക് കൈമാറിയത്. കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടി എന്ന സന്ദേശമുയര്‍ത്തി ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് ഈ പരിപാടി.