കാഞ്ഞങ്ങാട് നഗരസഭയിലെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി
1581390
Tuesday, August 5, 2025 1:52 AM IST
കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം മാത്രം അവശേഷിക്കേ കാഞ്ഞങ്ങാട് നഗരസഭയിലെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണനും ബ്ലോക്ക് ഭാരവാഹികളുമടക്കം പഴയ ഐ വിഭാഗത്തിൽപ്പെട്ട 38 നേതാക്കൾ ഒരുമിച്ച് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു. ഹൊസ്ദുർഗ് സർവീസ് സഹകരണബാങ്കിലെ പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കടുത്ത നടപടിയിലേക്കെത്തിച്ചത്.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എം. കുഞ്ഞിക്കൃഷ്ണൻ, ബഷീർ ആറങ്ങാടി, രവീന്ദ്രൻ ചേടിറോഡ്, കെ. രാജഗോപാലൻ, ജനറൽ സെക്രട്ടറിമാരായ ബിജു കൃഷ്ണ, എ. പുരുഷോത്തമൻ, അനിൽ വാഴുന്നോറടി, ട്രഷറർ എച്ച്. ഭാസ്കരൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ.കെ. ബാബു എന്നിവരും പാർട്ടി സ്ഥാനങ്ങൾ രാജിവച്ചവരിൽ ഉൾപ്പെടുന്നു.
പഴയ ഐ വിഭാഗത്തിലെ തലമുതിർന്ന നേതാവും മുൻ നഗരസഭാധ്യക്ഷനുമായ വി. ഗോപിയെ ഹൊസ്ദുർഗ് ബാങ്ക് പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം. പഴയ എ വിഭാഗത്തിൽപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രവീൺ തോയമ്മലാണ് ഇപ്പോൾ ബാങ്ക് പ്രസിഡന്റ്. രണ്ടര വർഷം മുമ്പ് ബാങ്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ വി. ഗോപി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളിൽ ഭൂരിപക്ഷ പിന്തുണയുള്ള പ്രവീണിനെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. പാർട്ടി നിർദേശം ലംഘിച്ച് ഗോപി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പ്രവീണിനോട് പരാജയപ്പെടുകയുമായിരുന്നു.
ഇപ്പോൾ രണ്ടര വർഷം കഴിയുന്ന സാഹചര്യത്തിൽ പ്രവീൺ ഗോപിക്കുവേണ്ടി വഴിമാറിക്കൊടുക്കണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇങ്ങനെയൊരു ധാരണ നേരത്തേ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് അന്നുതന്നെ ഗോപി പ്രവീണിനെതിരായി മത്സരിച്ചതെന്നും എ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
2000-03 കാലഘട്ടത്തിൽ നഗരസഭാധ്യക്ഷനായിരുന്ന ഗോപി അന്ന് കോൺഗ്രസിലുണ്ടായിരുന്ന ധാരണ പ്രകാരം രണ്ടരവർഷം കഴിഞ്ഞപ്പോൾ സ്ഥാനമൊഴിയാൻ വിസമ്മതിച്ചത് നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോൾ നിലവിലുള്ള എൽഡിഎഫ് ഭരണസമിതിയുടെ പാളിച്ചകളും വാർഡ് വിഭജനവും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമ്പോൾ വീണ്ടും അതേ അവസ്ഥയിലേക്ക് നയിക്കാനാണ് ഐ വിഭാഗത്തിന്റെ ശ്രമമെന്നാണ് മറുപക്ഷം കുറ്റപ്പെടുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്മുന്നിൽ നിൽക്കേ പാർട്ടിയേയും മുന്നണിയേയും സമ്മർദത്തിലാക്കി സ്ഥാനം കൈക്കലാക്കാനാണ് ഇവരുടെ ശ്രമമെന്നും അവർ ആരോപിക്കുന്നു. നഗരസഭാ തെരഞ്ഞെടുപ്പിൽ ഒന്നിലേറെ തവണ എൽഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചിട്ടുള്ള ഗോപിയും ഒപ്പമുള്ളവരും ഇത്തവണയും അതേ മാർഗത്തിലേക്ക് കടക്കുമെന്ന സൂചനയും നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം.
ജില്ലയുടെ ചുമതലയുള്ള മുൻ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ജില്ലയിൽ നിന്നുള്ള സെക്രട്ടറി എം. അസിനാർ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഐ വിഭാഗത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടാണ് ഗോപിയും ഒപ്പമുള്ളവരും സ്വീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന സംസ്ഥാന നേതാക്കളുടെ നിർദേശവും ഇവർ നിരാകരിക്കുകയായിരുന്നു.
കോൺഗ്രസ് ഇരുവിഭാഗങ്ങളായിരുന്ന കാലത്ത് എ വിഭാഗം ഒറ്റയ്ക്ക് ഭരിച്ചിട്ടുള്ള ഹൊസ്ദുർഗ് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം അവർക്കും വൈകാരികപ്രശ്നമാണ്. എല്ലാ സ്ഥാനങ്ങളിലും തലമുറമാറ്റം നടക്കുമ്പോൾ പ്രവീണിനെ പോലൊരു യുവനേതാവിനെ രാജിവയ്പിച്ച് വി. ഗോപിയെ പ്രസിഡന്റാക്കുന്നതിലെ ധാർമികതയും അവർ ചോദ്യംചെയ്യുന്നു.