ഓൺലൈൻ ടോക്കണെടുത്തവർക്കും ഒപി ടിക്കറ്റ് കിട്ടാൻ ജനറൽ ക്യൂ
1581925
Thursday, August 7, 2025 2:01 AM IST
കാസർഗോഡ്: സർക്കാരിന്റെ ഇ-ഹെൽത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ടോക്കണെടുക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ഒപി ടിക്കറ്റ് കിട്ടാൻ അധികനേരം വരിനിൽക്കേണ്ടി വരില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് ടോക്കണെടുത്തവർക്ക് ഒപി ടിക്കറ്റ് നൽകാൻ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്.
പക്ഷേ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഓൺലൈനായി ടോക്കണെടുത്ത് വന്നാലും ഒപി ടിക്കറ്റ് കിട്ടണമെങ്കിൽ സാധാരണ ടോക്കണെടുക്കുന്നവർക്കൊപ്പം മണിക്കൂറുകളോളം വരിനിൽക്കണം. ടോക്കണിൽ പറയുന്ന സമയമൊന്നും ഇവിടെ ബാധകമല്ല. കാരണം ഏതു ടോക്കണെടുത്തുവന്നാലും ഒപി ടിക്കറ്റ് നൽകാൻ ഒരു കൗണ്ടർ മാത്രമേയുള്ളൂ.
പേരിലെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തപ്പെട്ട ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആരോഗ്യകേന്ദ്രത്തിലാണ് ഈ ദുസ്ഥിതി.
സാധാരണ ടോക്കണെടുക്കുന്നവരും ഇ ഹെൽത്ത് ടോക്കണുള്ളവരും ഇടകലർന്ന് വരിനിൽക്കേണ്ടിവരുന്നത് പലപ്പോഴും പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
മണിക്കൂറുകൾ വരിനിന്നുകഴിഞ്ഞ് ഒപി സമയം തീരാറാകുമ്പോൾ ഇ ഹെൽത്ത് ടോക്കണുള്ളവരെ അകത്തു കയറ്റിവിടുന്നത് സാധാരണ ടോക്കണുള്ളവർ ചോദ്യം ചെയ്യാറുണ്ട്.
രോഗാവസ്ഥ മൂലം വരിനിൽക്കാൻ ബുദ്ധിമുട്ടുള്ളവരും ശസ്ത്രക്രിയകളും മറ്റും കഴിഞ്ഞ് ഇടയ്ക്കിടെ തുടർപരിശോധനകൾക്കെത്തുന്നവരുമൊക്കെയാണ് പലപ്പോഴും ഇ ഹെൽത്ത് ടോക്കണെടുക്കുന്നത്.
അവർക്കുവേണ്ടി പ്രത്യേക കൗണ്ടർ പോലും തുറക്കാനാവുന്നില്ലെങ്കിൽ ആരോഗ്യവകുപ്പ് കൊട്ടിഘോഷിക്കുന്ന ഓൺലൈൻ സംവിധാനങ്ങൾ കൊണ്ട് എന്ത് കാര്യമെന്നാണ് വരിനിൽക്കുന്നവർ ചോദിക്കുന്നത്.