റാണിപുരം റോഡിലെ പെരുതടി അങ്കണവാടി വളവ് വീതികൂട്ടണമെന്ന് ആവശ്യം
1581926
Thursday, August 7, 2025 2:01 AM IST
പനത്തടി: പനത്തടി-റാണിപുരം റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന പെരുതടി അങ്കണവാടി വളവ് വീതികൂട്ടി നവീകരിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്പി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
റാണിപുരം ഇക്കോ-ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തുന്ന സന്ദർശകരുടെയും വാഹനങ്ങളുടെയും എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പെരുതടിയിലെ അപകടവളവും കയറ്റവും വലിയ സുരക്ഷാഭീഷണിയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പലതവണ ഇവിടെ വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിനോട് ചേർന്ന് നിൽക്കുന്ന അങ്കണവാടി കെട്ടിടം ഇവിടെനിന്നും മാറ്റി സ്ഥാപിക്കുകയാണെങ്കിൽ റോഡ് വീതികൂട്ടി ഡിവൈഡറും സിഹ്നലുകളുമുൾപ്പെടെ സ്ഥാപിക്കാൻ കഴിയുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.