റാഗിംഗ് ക്രൂരത തുടരുന്നു
1581924
Thursday, August 7, 2025 2:01 AM IST
കാസര്‍ഗോഡ്: റാഗിംഗ് തടയാന്‍ സ്പെഷല്‍ സ്ക്വാഡിനെ രൂപിച്ചെന്നും റാഗിംഗ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് പറയുമ്പോഴും സ്കൂളുകളിലും കോളജുകളിലും റാഗിംഗ് കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു.
കാസര്‍ഗോഡ് ഗവ. കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളെ ഗൗനിച്ചില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം. കാന്റീന് വരാന്തയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളെ ഗൗനിച്ചില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. മലപ്പുറം പള്ളിപ്പാടി സ്വദേശി ഒ.എം. സയ്യിദിന്റെ (19) പരാതിയില്‍ സവാദ്, ഗസ്വാന്‍, സുനൈദ്, അലി, അജ്മല്‍ മറ്റ് 10 പേര്‍ക്കെതിരെയുമാണ് കാസര്‍ഗോഡ് പോലീസ് കേസെടുത്തത്.
കോളജില്‍ പഠിക്കുന്ന ഗണേഷ്, അഭിലാഷ്, വിച്ചു, ആനന്ദന് എന്നിവരെയും മര്‍ദിച്ചതായി സയ്യിദിന്റെ പരാതിയിലുണ്ട്. തലക്കും പുറത്തും കൈക്കുമുള്പെടെ അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് കേസ്.
കാഞ്ഞങ്ങാട്: മടിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. ബല്ലാ കടപ്പുറത്തെ മുഹമ്മദ് ഷാനിദിനാണ് (16) മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്കൂളില്‍ വച്ചുണ്ടായ അക്രണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയിലാണ്.
ഷാനിദിന്റെ സുഹൃത്തിനെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാത്തതിന്റെ പേരില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് ഷാനിദിന് മര്‍ദ്ദനമേറ്റത്. കഴുത്തില്‍ ഉള്‍പെടെ ചവിട്ടേറ്റ പരിക്കുകളോടെയാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
നടവഴിയില്‍ നിന്നും തള്ളി താഴെയിട്ട ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ വളഞ്ഞ് നിലത്തിട്ട് ചവിട്ടി ആക്രമിച്ചതായി ആശുപത്രിയിലെത്തിയ പൊലീസിന് ഷാനിദ് മൊഴി നല്കി. 15 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ട് ലഭിച്ച് കഴിഞ്ഞാല്‍ മാത്രമെ റാഗിംഗ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാനാവൂവെന്ന് പോലീസ് പറഞ്ഞു.
പെരിയ: ക്ലാസില്‍ അധ്യാപകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതിലെ വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും വധഭീഷണിയും മുഴക്കിയതായും പരാതി. പനയാല്‍ പാക്കം സ്വദേശിയായ 16കാരന്റെ പരാതി പ്രകാരം അംബേദ്കര്‍ സ്കൂളിലെ വിദ്യാര്‍ഥിയായ 18കാരനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
ജുലൈ 30ന് ആണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ വരാന്തയില്‍ വച്ച് തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് മുഖത്തടിക്കുകയും തള്ളിയിടുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തയതായും പരാതിയില്‍ പറഞ്ഞു.