കണ്ടക്ടറെ പോലീസ് മർദിച്ചതായി പരാതി; മലയോര റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
1582168
Friday, August 8, 2025 2:14 AM IST
രാജപുരം: പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ കണ്ടക്ടറെ രാജപുരം സിഐ മർദിച്ചതായി ആരോപിച്ച് മലയോര റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ഓടുന്ന റഷാദ് ബസിലെ കണ്ടക്ടറായ സുനിൽ കുമാറിനാണ് ഇന്നലെ രാവിലെ രാജപുരം സ്റ്റേഷനിൽവച്ച് മർദനമേറ്റതായി പറയുന്നത്.
തുടർന്ന് രാവിലെ 11 മുതൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് തുടങ്ങുകയായിരുന്നു. മലയോരത്തേക്ക് സർവീസ് നടത്തുന്ന നാല്പതോളം ബസുകൾ കാഞ്ഞങ്ങാട്ടും പാണത്തൂരിലും വെള്ളരിക്കുണ്ടിലുമായി നിർത്തിയിട്ടു.
മൂന്നു ദിവസം മുമ്പ് ഒരു സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായ ആരോപണത്തിന്റെ പേരിൽ ബളാംതോട് വച്ച് റഷാദ് ബസിലെ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കണ്ടക്ടർ സുനിൽ രാജപുരം സ്റ്റേഷനിൽ പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയപ്പോഴാണ് സുനിലിനെ സിഐ മർദിച്ചതായി പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ പണിമുടക്ക് മൂലം യാത്രക്കാരും ഏറെ ബുദ്ധിമുട്ടി.
രാജപുരം സ്റ്റേഷനിൽ ബസ് ഉടമകളും തൊഴിലാളി നേതാക്കളും പോലീസുമായി നടന്ന ചർച്ചയ്ക്കൊടുവിൽ വൈകുന്നേരം അഞ്ചോടെയാണ് സമരം പിൻവലിച്ചത്.