ട്രെയിനില്‍ അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു
1582358
Friday, August 8, 2025 10:06 PM IST
കാഞ്ഞങ്ങാട്: ചികിത്സക്കായി നാട്ടിലേക്ക് പോവകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ ബാലിക ട്രെയിനില്‍ മരിച്ചു. തിരുനല്‍വേലി ഉസിലാംപെട്ടിയിലെ ചെല്ലന്-മായാവനം ദമ്പതികളുടെ സാറ (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
മുംബൈയില്‍ നിന്നും തിരുനല്‍വേലി വരെ പോകുന്ന ദാദര്‍ എക്സ്പ്രസില്‍ വെച്ചാണ് അബോധാവസ്ഥയിലായത്. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിന്‍ ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് നിര്‍ത്തിയിട്ടു. കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് തൊട്ടടുത്ത അരിമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുംബൈയില്‍ സ്ഥിരതാമസമാണ് ഈ കുടുംബം. കടുത്ത പ്രമേഹരോഗിയായ സാറയെ ചികിത്സിക്കാനായി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു അമ്മ മായാവനം. കുട്ടി അബോധാവസ്ഥയിലായത് കണ്ട് യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ റെയില്‍വെ അധികൃതര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്.