ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം: പൊതു ശൗചാലയം തകർന്നു
1262500
Friday, January 27, 2023 11:14 PM IST
കൊട്ടാരക്കര: ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത റെയിൽവേ സ്റ്റേഷന് സമീപമുള്ള നഗരസഭ പൊതുശൗചാലയം ഇടിഞ്ഞു വീണു.
ജലസംഭരണിയും കോൺക്രീറ്റ് കെട്ടും തകർന്നു. ശുചിത്വ മിഷൻ ഫണ്ടിൽ 10 ലക്ഷത്തിലധികം രൂപ ചെലവാക്കിയാണ് നിർമാണം നടത്തിയത്. നിർമ്മാണ ഘട്ടത്തിൽ തന്നെ അഴിമതി ആരോപണം നേരിട്ട പദ്ധതിയാണ് ഇപ്പോൾ തകർന്ന് വീണത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ഇതിന്റെ കരാറുകാരൻ. നഗരസഭ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നതിനു മുൻപേ തകർന്ന ഭാഗം വീണ്ടും പണിയാനുള്ള കരാറുകാരന്റെ നീക്കം ബിജെപി പ്രവർത്തകർ എത്തി തടഞ്ഞു.
ഈ പൊതു ശൗചാലയത്തിന്റെ ഉദ്ഘാടനം തന്നെ വിവാദമായിരുന്നു. പണി പൂർത്തിയാക്കുന്നതിനു മുന്നേ ഉദ്ഘാടനം പ്രഖ്യാപിക്കുകയും ചെയർമാനും കൗൺസിലർമാരുമെത്തിയപ്പോൾ പണികൾ ബാക്കിയാണെന്ന് മനസിലാക്കി ഉദ്ഘാടനത്തിൽ നിന്ന് പിന്തിരിയുകയുമായിരുന്നു. അഴിമതി ആരോപിച്ച് അന്നും ബിജെപി സമരം ചെയ്യുകയുമുണ്ടായി.