പ്രതിഷേധം ഫലം കാണുന്നു: നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒയുടെ ഉറപ്പ്
1278730
Saturday, March 18, 2023 11:21 PM IST
തെന്മല : തൊഴില്‍ സ്തംഭനം ഒഴിവാക്കി തൊഴില്‍ സ്ഥിരത ഉറപ്പാക്കണം എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐറ്റിയു അച്ചന്‍കോവില്‍ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം ഫലം കാണുന്നു.
തൊഴിലാളി യൂണിയനും നേതാക്കളും ഉന്നയിച്ച കാര്യങ്ങളില്‍ അടിയന്തിരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാം എന്ന് പ്രതിഷേധത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ ഡിഎഫ്ഒ സുനില്‍ സഹദേവന് ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
ഡിഎഫ്ഒ ഓഫീസ് പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉടന്‍ ചെയ്തു നല്‍കും. മറ്റുള്ളവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ ഇടപെടീലുകള്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും സ്വീകരിക്കും. കലവറ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങികഴിഞ്ഞു. വീണുകിടക്കുന്നതും ഉണങ്ങി നില്ക്കുന്നതുമായ മരങ്ങള്‍ ഡിപ്പോയില്‍ എത്തി തടി ലഭ്യത ഉറപ്പാക്കുമെന്നും ഡിഎഫ്ഒ ഉറപ്പ് നല്‍കിയതായി സിപിഎം പുനലൂര്‍ ഏരിയ സെക്രട്ടറി എസ് ബിജു പറഞ്ഞു. നേതാക്കളായ ബിജുലാല്‍ പാലസ്, ഉണ്ണികൃഷ്ണന്, പ്രശാന്ത്, പ്രദീപ്, ബിനു മാത്യു, സാനു ധര്‍മരാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.