കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തില് നിന്നും 2022 ഡിസംബര് 31 വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള് ഏപ്രില് ഒന്നു മുതല്ജൂണ് 30 വരെയുള്ള കാലയളവിനുള്ളില് അക്ഷയകേന്ദ്രങ്ങള് വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്കിടപ്പുരോഗികള് വൃദ്ധജനങ്ങള് എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില് എത്തിച്ചേരാന് കഴിയാത്തവര് വിവരം അക്ഷയകേന്ദ്രങ്ങളില് അറിയിക്കേണ്ടതും അതിനനുസരിച്ച് അക്ഷയകേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സിഐടിയു ധര്ണ നടത്തി
അഞ്ചല് : വിവിധ ആവശ്യങ്ങള് ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തില് ആര്പിഎല് കുളത്തുപ്പുഴ, ആയിരനെല്ലൂര് മാനേജര് ഓഫീസുകളുടെ മുന്നില് ധര്ണ സംഘടിപ്പിച്ചു. ആര്പിഎല് തൊഴിലാളികളുടെ ജോലി സമയം എട്ടു മുതല് അഞ്ചു വരെ ആക്കിയ ഉത്തരവ് പിന്വലിക്കുക, അടഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകൾ അർഹതപ്പെട്ട തൊഴിലാളികൾക്കായി അനുവദിക്കുക, കാഷ്വല് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശമ്പള കുടിശിക അനുവദിക്കുക, തൊഴിലാളികളുടെ തൊഴിൽ നഷ്ടപെടുന്ന രീതിയിൽ ഉള്ള പുതിയ ടാപ്പിംഗ് രീതി ഉപേക്ഷിക്കുക, കുടിവെള്ള പ്രശനം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടാണ് ധര്ണ സംഘടിപ്പിച്ചത്. ആയിരനെല്ലൂര് എസ്റ്റേറ്റ് മാനേജര് ഓഫീസ് പടിക്കല് നടന്ന സമരം യൂണിയന് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റ്റി. അജയന് ഉദ്ഘാടനം ചെയ്തു.