കിഴക്കേ കല്ലടയിൽ വൻ നാശനഷ്ടം
1425675
Tuesday, May 28, 2024 11:38 PM IST
കുണ്ടറ: ഇന്നലെയുണ്ടായ ശക്തമായ കാറ്റും പേമാരിയും കിഴക്കേകല്ലടയിലും പരിസരത്തും വൻ നാശനഷ്ടങ്ങൾ വരുത്തി. പേമാരി റോഡുകളെ വെള്ളത്തിൽ മുക്കി. ഇതു കാരണം പ്രധാന റോഡുകളിൽ പോലും ഗതാഗതം നിലച്ചു. മിക്ക വാർഡുകളിലും മണ്ണിടിച്ചിലുണ്ടായി. പഴയർ, മറവൂർ, കൊടുവിള നിലമേൽ വാർഡുകളിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി.
വാഴകൃഷി വ്യാപകമായി നശിച്ചു. പലയിടത്തും മരം വീണ് നാശനഷ്ടം വരുത്തി. ഓണമ്പലം വാർഡിൽ രണ്ട് റോഡിൽ മരം കടപുഴകി വൈദ്യുതി കമ്പിയിൽ വീണ് ദീർഘനേരം വൈദ്യുതി നിലച്ചു. തടത്തിൽ വീട്ടിൽ ജാസ്മിന്റെ പുരയിടത്തിലെ തേക്കുമരം വൈദ്യുതി ലൈനിൽ പതിച്ച് കമ്പി പൊട്ടിവീണു.
സംഭവം നടന്നത് പകൽ ആയതിനാൽ അപകടം ഒഴിവായി. കൊച്ചു പ്ലാമൂട്ടിൽ ചന്ദ്രബാബുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായി. പരിച്ചേരി വാർഡിൽ പള്ളിക്കു കിഴക്ക് കണാവിൽ കായൽ വാരത്തെക്കിറങ്ങുന്ന കൽപ്പടവുകൾക്ക് സമീപത്തെ വൻ കല്ലുകൾ ഇളകി. കല്ലുകൾ ഇളകി വീഴുന്നത് എപ്പോഴാണെന്ന് അറിയാതെ ജനം ഭീതിയിലായി.
താഴം വാർഡിൽ മിക്ക വീടുകളുടെയും പരിസരം വെള്ളക്കെട്ടായി. പെട്ടെന്നുണ്ടായ കാറ്റിലും പേമാരിയിലും പെട്ട് മണിക്കൂറുകളോളം ജനങ്ങൾ ദുരിതത്തിൽ ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെജി ലാലി വൈസ് പ്രസിഡന്റ് രാജു ലോറൻസ് മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.