കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കെടുപ്പ് ഉത്സവം
1535710
Sunday, March 23, 2025 6:25 AM IST
ചവറ : ചവറ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയ വിളക്കെടുപ്പുത്സവം 24നും 25നും നടക്കും. ആണിലെ പെണ്ണഴകിനെ അണിയിച്ചൊരുക്കുവാനുള്ള ചമയപ്പുരകള്‍ ക്ഷേത്ര പരിസരത്ത് ഉദ്ദിഷ്ടകാര്യ സിദ്ധിക്കായിട്ടാണ് പുരുഷന്മാർ വ്രതശുദ്ധിയോട് കൂടി വിളക്കെടുക്കുന്നത്.
ചമയവിളക്ക് എടുക്കുവാനും കാണുവാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ എത്താറുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ദേവി പ്രീതിക്കായി വിളക്കെടുക്കും .നാളെ ചവറ- പുതുക്കാട് കരക്കാരും 25ന് കുളങ്ങര ഭാഗം- കോട്ടയ്ക്കകം കരക്കാരുമാണ് ഉത്സവത്തിന് നേതൃത്വം വഹിക്കുന്നത്. രണ്ട് ദിവസവും രാവിലെ 11ന് ക്ഷേത്രം തന്ത്രി കുമാരമംഗലത്ത് ഇല്ലത്ത് നാരായണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കലശ പൂജകള്‍ നടക്കും. വൈകുന്നേരം മൂന്നിന് കെട്ടുകാഴ്ച.
ഇന്ന് രാത്രി 11ന് ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖില്‍ എന്നിവരുടെ നാഗസ്വരക്കച്ചേരി. നാളെ രാത്രി 11ന് കണ്ണന്. ജി. നാഥിന്റെ സംഗീത സദസ് എന്നിവ നടക്കും.പുലര്‍ച്ചെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി കുഞ്ഞാലും മൂട് മുതല്‍ ക്ഷേത്ര പരിസരം വരെ നിരന്ന് നില്ക്കുന്ന വിളക്ക് കാണാന്‍ എഴുന്നള്ളും.വിളക്കെടുക്കുന്നവരെ അനുഗ്രഹിച്ച ശേഷം ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ വിശ്രമിക്കും.