പുറ്റിംഗൽ കേസ് : 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
1546835
Wednesday, April 30, 2025 6:28 AM IST
കൊല്ലം: പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 30-ാം പ്രതി അടൂർ ഏറം സ്വദേശി അനുരാജിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രത്യേക കോടതിയുടെ ചുമതലയുള്ള നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ്. സുഭാഷാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഇനി ഇയാളെ ഒഴിവാക്കിയായിരിക്കും കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുക. നിരവധി തുടർ നടപടികൾക്ക് ശേഷമാണ് കോടതി ഇന്നലെ അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ വാറണ്ടിൽ പിടിക്കുന്നതിന് നിർവാഹമില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുനതിന് മുന്നോടിയായി അടൂർ ഏറം പഞ്ചായത്തിലെ പ്രതിയുടെ വീട്ടിൽ പോലീസ് പതിക്കുകയുണ്ടായി. അറസ്റ്റ് ഭയന്ന് രണ്ടുവർഷം മുമ്പ് നാടുവിട്ട് പോയതാണെന്നുള്ള ബന്ധുക്കളും നാട്ടുകാരും നൽകിയ വിവരങ്ങളും പോലീസ് കോടതിയെ ധരിപ്പിച്ചു.
ഇത് കൂടാതെ പ്രതിയെ വാറണ്ടിൽ കിട്ടാത്ത വിവരം പോലീസ് ചൂരക്കോട് പഞ്ചായത്ത് വായനശാലയുടെ നോട്ടീസ് ബോർഡിലും ഏറം പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡിലും പതിക്കുകയുണ്ടായി.
പോലീസിൻ്റെ അപേക്ഷ പ്രകാരം പ്രതിയുടെ പേരിൽ സ്ഥാവര ജംഗമ സ്വത്തുക്കൾ ഒന്നുമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും വില്ലേജ് ഓഫീസറും റിപ്പോർട്ട് നൽകുകയുമുണ്ടായി.
ഇക്കാര്യങ്ങളെല്ലാം വിശദമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ടും സത്യവാങ് മൂലവും ഫയൽ ചെയ്തു. തുടർന്നാണ് പ്രതിയെ ഇന്നലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ജഡ്ജി ഉത്തരവായത്.
കേസിൽ ആകെ 59 പ്രതികളാണുള്ളത്. ഇതിൽ 13 പേർ മരിച്ചു. 28 പ്രതികൾ ഇന്നലെ ഹാജരായി. 17 പ്രതികൾ അവധിക്ക് അപേക്ഷ നൽകി. 32ാം പ്രതി ഹാരിസിന് എതിരേ കോടതി വാറണ്ടും പുറപ്പെടുവിച്ചു.
പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട 30-ാം പ്രതിയുടെ ജാമ്യക്കാരുടെ പിഴ തുക നിശ്ചയിക്കുന്നതിന് കേസ് മേയ് മൂന്നിന് പരിഗണിക്കും.
30-ാം പ്രതിക്കെതിരായ ജപ്തി പ്രഖ്യാപിച്ച് മറ്റു നടപടികൾക്കായി കേസ് മേയ് ഏഴിനും മാറ്റി വച്ചിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.