കുടുംബശ്രീയുടെ 'അരങ്ങ് 'കലാമേള അഞ്ചുമുതല്‍
1547274
Thursday, May 1, 2025 6:52 AM IST
കൊല്ലം: കുടുംബശ്രീ അയല്‍ക്കൂട്ട - ഓക്സിലറി അംഗങ്ങള്‍ക്കായി ' അരങ്ങ് ' കലാമേള ബ്ലോക്ക് ക്ലസ്റ്റര്‍ തലം അഞ്ച് മുതല്‍ സംഘടിപ്പിക്കും.
ഇത്തിക്കര - മുഖത്തല- കൊല്ലം ക്ലസ്റ്റര്‍, ശാസ്താംകോട്ട - ചിറ്റുമല ക്ലസ്റ്റര്‍, ഓച്ചിറ - ചവറ - കരുനാഗപള്ളി ക്ലസ്റ്റര്‍, പത്തനാപുരം- വെട്ടിക്കവല ക്ലസ്റ്റര്‍, കൊട്ടാരക്കര - ചടയമംഗലം ക്ലസ്റ്റര്‍, പുനലൂര്‍ - അഞ്ചല്‍ ക്ലസ്റ്റര്‍ എന്നിങ്ങനെ ജില്ലയിലെ 74 സിഡിഎസുകളുടേ പങ്കാളിത്തം ഉറപ്പാക്കി ആറ് ബ്ലോക്ക് ക്ലസ്റ്ററുകളായി അഞ്ച് മുതല്‍ ഒമ്പത് വരെയാണ് കലാ മത്സരങ്ങള്‍ നടത്തുക. അരങ്ങ് ജനകീയമാക്കുന്നതിനുള്ള പ്രചരണ ക്യാമ്പയിനുകള്‍ സിഡിഎസ് തലത്തിലും ജില്ലാതലത്തിലും നടന്നു വരുന്നു.
്രപ്രാഥമിക ഘട്ടത്തില്‍ നടത്തിയ എഡിഎസ് മത്സരങ്ങളില്‍ നിന്നുള്ള വിജയികളാണ് സിഡിഎസ് തലത്തില്‍ മത്സരിക്കുക. തുടര്‍ന്ന്, മത്സരത്തില്‍ വിജയിക്കുന്നവര്‍ ബ്ലോക്ക് തലത്തില്‍ പങ്കെടുക്കും. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 18 മുതല്‍ 40 വയസ് വരെയുള്ള അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 40 വയസിന് മുകളിലുള്ള അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങള്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. നാടകം, ചവിട്ട് നാടകം, ശിങ്കാരി മേളം എന്നീ ഇനങ്ങള്‍ മാത്രമാണ് പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം, മാപ്പിള പാട്ട്, പ്രച്ഛന്ന വേഷം, മിമിക്രി, സംഘ ഇനങ്ങളായ കേരള നടനം, ഭരതനാട്യം, തിരുവാതിര തുടങ്ങി 33 സ്റ്റേജ് ഇനങ്ങളില്‍ പങ്കെടുക്കാം. കഥാ രചന, ചിത്ര രചന, കവിത രചന തുടങ്ങി 16 സ്റ്റേജ് ഇതര ഇനങ്ങളുമുണ്ട്. ബ്ലോക്ക് ക്ലസ്റ്റര്‍ അരങ്ങിലെ വിജയികള്‍ ജില്ലാതല അരങ്ങില്‍ മാറ്റുരക്കപ്പെടും.