യുവജനക്ഷേമ പദ്ധതികള്‍ വേണം: പഞ്ചായത്തുകളില്‍ അവകാശ പത്രിക സമര്‍പ്പിച്ച് ഡിവൈഎഫ്ഐ
1547264
Thursday, May 1, 2025 6:44 AM IST
അഞ്ചല്‍ : ഗ്രാമപഞ്ചായത്തുകള്‍ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ യുവജന ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അവകാശ പത്രിക സമര്‍പ്പിച്ചു.
ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലുള്ള മുഴുവന്‍ പ്രസിഡന്റ്മാര്‍ക്കും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു നിവേദനം നല്‍കും. ഇതിന്റെ ഉദ്ഘാടനം ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന് നിവേദനം നല്‍കികൊണ്ട് അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു നിര്‍വഹിച്ചു.
വാർഡുകളിൽ കളിസ്ഥലം എന്ന സർക്കാർ നിർദേശം നടപ്പിലാക്കുക, കലാകായിക സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുക, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭംങ്ങൾക്കുള്ള പദ്ധതി നടപ്പാക്കുക, ലഹരിക്കെതിരെയും ട്രാഫിക് നിയമങ്ങൾ സംബന്ധിച്ചും ബോധവത്കരണം നടത്തുക,
വയനശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വായന ശാല സൗകര്യം ഒരുക്കുന്നതിനും ഉള്ള പദ്ധതികൾ നടപ്പാക്കുക, പൊതുസ്ഥാപനങ്ങളിൽ പത്രവും ആനുകാലിക പ്രസിദ്ധീകരണങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ആണ് ഡിവൈഎഫ് ഐ അവകാശപത്രികയിലൂടെ ആവശ്യപ്പെടുന്നത്.
സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗം ആർ. രാജീവ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറിമാരായ കിഷോർ, നിഖിൽ, നജുമൽ പ്രസിഡന്റുുമാരായ അനന്ദ്, സന്ദീപ്, ദേവൻ ബ്ലോക്ക് കമ്മിറ്റി അംഗംങ്ങളായ ശിഖ പദ്മൻ, രേവതി, ജനപ്രതിനിധികളായ അഞ്ചു, രാജി, ശോഭ, മഞ്ജുലേഖ, മഞ്ജു, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബുഹരി എന്നിവർ പങ്കെടുത്തു.