ക്ഷയരോഗ ബാധിതർക്ക് പോഷകാഹാരകിറ്റ് വിതരണം ചെയ്തു
1547273
Thursday, May 1, 2025 6:52 AM IST
കരുനാഗപ്പള്ളി : ക്ഷയരോഗം തുടച്ചു മാറ്റുക എന്ന ലക്ഷ്യവുമായി റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗബാധിതർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കേരളത്തെ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പദ്ധതി ജില്ലയിൽ ആദ്യമായി കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി ആണ് നടപ്പിലാക്കുന്നതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് റെഡ് ക്രോസ് സോസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ .ആർ .രാധാകൃഷ്ണൻ പറഞ്ഞു.
സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ് .അജയകുമാർ വിഷയാവതരണം നടത്തി. സുമംഗല അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷഹ്നാനസിം,ഡോ .ജാസ്മിൻ,കോടിയാട്ട് രാമചന്ദ്രൻപിള്ള , എൻ .എസ് .അജയകുമാർ, ജി .സുന്ദരേശൻ, സജീവ് മാമ്പറ, ശിവകുമാർ എന്നിവർ പ്രസംഗിച്ചു.
ഗവ.നെഞ്ചുരോഗ ആശുപത്രിയുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ആറുമാസകാലത്തേക്കാണ് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നത്.