അഞ്ച് മാസമായി വേതനമില്ല; പാരിപ്പള്ളി മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി
1547268
Thursday, May 1, 2025 6:44 AM IST
ചാത്തന്നൂർ: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് കഴിഞ്ഞ അഞ്ച് മാസമായി വേതനമില്ല. വേതനം വിതരണത്തിനു നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സുരക്ഷ ജീവനക്കാരുടെ സംഘടനയായ കെസ്കോൺ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തി. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ആറ് മുതൽ അനശ്ചിതകാല സമര പരിപാടികൾ ആരംഭിക്കുമെന്ന് സമരക്കാർ പറഞ്ഞു.
ദിവസം രണ്ടായിരത്തോളം രോഗികൾ ഒപിയിൽ എത്തുന്ന ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് വേതനം പോലും ഇല്ലാതെ ജോലി ചെയ്യുന്നത്. അഞ്ച് മാസമായി വേതനം ലഭിക്കാത്തത് സ്ത്രീകൾ ഉൾപ്പെടെയുള്ള സുരക്ഷ ജീവനക്കാരെ വലയ്ക്കുകയാണ്.
കേരള എക്സ് സർവീസ്മെൻ ഡവലപ്മെന്റ് ആന്റ് റിഹാബിലിറ്റേഷൻ കോർപറേഷന്റെ (കെസ്കോൺ) കീഴിലെ വിമുക്ത ഭടൻമാരാണു സുരക്ഷാ ജോലി ചെയ്യുന്നത്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 70 സുരക്ഷ ജീവനക്കാരാണ് ഉള്ളത്. ഇതിൽ 17 പേർ വനിതകളാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷ ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനം പോലും ലഭിക്കാത്തതിൽ ജീവനക്കാർ ബുദ്ധിമുട്ടിലാണ്. 60 കിലോമീറ്റർ ദൂരെ നിന്നു വരെ ജോലിക്ക് എത്തുന്നവർ ഇവരുടെ കൂട്ടത്തിലുണ്ട്.
വാഹനത്തിന്റെ ഇന്ധന ചെലവിനു പോലും പണം കണ്ടെത്താൻ കഴിയുന്നില്ലെന്നു സുരക്ഷ ജീവനക്കാർ പരാതിപ്പെടുന്നുണ്ട്.മക്കളുടെ പഠനം, വായ്പ തിരിച്ചടവ്, വീട്ടു ചെലവ് തുടങ്ങിയവക്ക് മാർഗമില്ലാതെ ഇവർ പ്രതിസന്ധിയിലാണ്. വായ്പ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പിഴ പലിശ ഉൾപ്പെടെ നൽകേണ്ടി വരുന്നു.
സുരക്ഷാ ജീവനക്കാരുടെ വേതനം സംസ്ഥാന സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മുഖേന കോർപറേഷനു കൈമാറും. തുക ലഭിക്കുമ്പോൾ കോർപറേഷൻ വേതനം നൽകുന്നതാണു രീതി. സർക്കാർ തുക നൽകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.