വാളക്കോട് ഗതാഗത കുരുക്ക് ; പാലത്തിന് സമാന്തര റോഡ് നിർമിക്കാൻ 3.57 കോടി അനുവദിച്ച് ദേശീയപാത അഥോറിറ്റി
1546870
Wednesday, April 30, 2025 6:40 AM IST
കൊല്ലം: വാളക്കോട് ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നിലവിലുളള പാലത്തിന് സമാന്തരമായി റോഡ് നിർമാണത്തിന് 3.57 കോടി രൂപയുടെ പദ്ധതിക്ക് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി.
വാളക്കോടുളള വീതി കുറഞ്ഞ പാലത്തിലൂടെയുളള ഗതാഗതം പ്രദേശത്ത് വലിയ ഗതാഗത കുരുക്കിന് കാരണമായിരുന്നു. ഗതാഗത കുരുക്കിൽ നിന്നും ഒഴിവാകുന്നതിനായി പാലം കടക്കുവാൻ വാഹനങ്ങൾ വേഗത കൂട്ടുന്നതു മൂലം പാലത്തിനും സമീപ പ്രദേശങ്ങളിലും അപകടങ്ങളും വർധിച്ചിരുന്നു.
വാളക്കോട് ഒരു ബ്ലാക്ക്സ്പോട്ട് ആയി വിജ്ഞാപനം ചെയ്തിരുന്നില്ല. അപകടസാധ്യത കണക്കിലെടുത്ത് വാളക്കോട് പൊട്ടൻഷ്യൽ ബ്ലാക്ക് സ്പോട്ട് ആയി പരിഗണിച്ച് പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി റോഡ് വികസനം സാധ്യമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണ് പൊട്ടൻഷ്യൽ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്നതിലേയ്ക്കായി റോഡ് വികസനത്തിന് തുക അനുവദിക്കുന്നത്.അഞ്ചര മീറ്റർ വീതിയിൽ നിലവിലുളള പാലത്തിന് സമാന്തരമായി റയിൽവേ ട്രാക്കിന് മുകളിൽ റോഡ് നിർമാണത്തിനായാണ് പദ്ധതി.
നിലവിലുളള നാലര മീറ്ററും പുതിയതായി നിർമിക്കുന്ന അഞ്ചര മീറ്ററും ചേർന്ന് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനാണ് പദ്ധതി. നിലവിൽ ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കീഴിലുളള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ്. പുതിയതായി അനുവദിച്ച 3.57 കോടി രൂപയുടെ വാളക്കോട് റോഡ് നിർമാണം സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനെ ഏൽപ്പിക്കാനാണ് തീരുമാനം.
പദ്ധതിക്കായി അനുവദിച്ച 3.57 കോടി രൂപ ദേശീയപാത അഥോറിറ്റി സംസ്ഥാന പൊതുമരാമത്ത് ദേശിയപാത വിഭാഗത്തിന് ഡെപൊസിറ്റ് ചെയ്യും. പദ്ധതിയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വാളക്കോട് റോഡ് വികസനം ഏറ്റെടുത്ത് നടപ്പാക്കുവാൻ സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്ത് ദേശീയപാത വിഭാഗം സത്വര നടപടി സ്വീകരിക്കണമെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.