വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിന് കഠിനതടവ്
1547262
Thursday, May 1, 2025 6:34 AM IST
കൊല്ലം: അയൽവാസികളായ ബന്ധുക്കളുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിലുണ്ടായിരുന്ന ഭാര്യയെയും ഭർത്താവിനെയും മക്കളെയും ദേഹോപദ്രവം ഏൽപ്പിച്ച് വീടും കാറും അടിച്ച് തകർത്ത കേസിലെ പ്രതിയെ എട്ടരവർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പുനലൂർ വിളക്കുടി മാണിക്കാംവിള വീട്ടിൽ മാർഷൽ കോട്ടയലിനെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് വിവിധ വകുപ്പുകളിലായി എട്ടരവർഷം കഠിനതടവിന് ശിക്ഷിച്ചത്.
ബന്ധുക്കളുമായുള്ള വസ്തുതർക്കത്തെ തുടർന്നുള്ള വിരോധത്തെ തുടർന്ന് പ്രതി 2022 നവംബർ 30 ന് കുന്നിക്കോട്' പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ അതിക്രമിച്ച് കടന്നു കമ്പി പാര ഉപയോഗിച്ച് വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾ അടിച്ചു തകർക്കുകയും വീടിന് നാശനഷ്ടങ്ങൾ വരുത്തുകയും ആയിരുന്നു.
വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ബന്ധുവായ സ്ത്രീയെയും ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും കമ്പിപാര കൊണ്ട് ദേഹമാസകലം അടിക്കുകയും ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഉപദ്രവത്തിനെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കേസിന്റെവിചാരണ വേളയിലും പ്രതി ഇവരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസ് നിലവിലുണ്ട്. ആയുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നര വർഷം കഠിനതടവും, വീടിനും കാറിനും നാശനഷ്ടങ്ങൾ വരുത്തിയതിന് ഒരു വർഷം കഠിനതടവും കഠിനദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും വീട്ടിൽ അതിക്രമിച്ച് കയറിയതിന് നാലു വർഷം കഠിനതടവും പിഴയായി 60 000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്.
കുന്നിക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടരായ എസ്.ഫൈസൽ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ. ജി.മുണ്ടയ്ക്കൽ ആണ് ഹാജരായത്.