രോഗികളുടെ ദുരിതം തുടരുന്നു : എമര്‍ജന്‍സി എംആര്‍ഐ സ്കാനിംഗിന് രോഗി കാത്തിരിക്കുന്നത് 20 ദിവസം !!
1546872
Wednesday, April 30, 2025 6:45 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളോട് അധികൃതരുടെ സിസ്സംഗത തുടരുന്നു. ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഗുരുതരപരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന രോഗിക്ക് അടിയന്തര എംആര്‍ഐ സ്കാനിംഗിന് ഡോക്ടര്‍ എഴുതി നല്‍കിയത് 2025 മേയ്മാസം 14-ാം തീയതി !!
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശിയായ 56-കാരനോടാണ് ഡോക്ടറുടെ ഈ സമീപനം. സ്വകാര്യ ലാബുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നു രോഗികളും ബന്ധുക്കളും ആരോപിക്കുന്നു. ഏപ്രില്‍ 26-നാണ് രോഗിക്ക് ആദ്യ എംആര്‍ഐ സ്കാന്‍ ചെയ്തത്. രണ്ടാമത്തെ സ്കാന്‍ അടിയന്തരമായി ചെയ്യേണ്ടുന്നതായതുകൊണ്ട് എമര്‍ജന്‍സി റിക്വസ്റ്റ് എന്നു ഡോക്ടറുടെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍ അതിനു നിശ്ചയിച്ചിട്ടുള്ളത് മേയ് 14നു രാത്രി ഒന്‍പതു മണിക്കാണ്! ഒരു കിടപ്പുരോഗിയായ 56-കാരനോട് അധികൃതരുടെ സമീപനം ഇതാണെങ്കില്‍ ബാക്കിയുള്ള രോഗികളോടും ഇത്തരം സമീപനങ്ങളായിരിക്കും സ്വീകരിക്കുന്നതെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നതിനു വേണ്ടിയാണ് അധികൃതര്‍ ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതെന്നും സ്വകാര്യ ലാബുകളില്‍ എംആര്‍ഐ സ്കാനിനു ഭീമമായ തുകയാണെന്നുമുള്ളതാണ് വാസ്തവം. തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ എമര്‍ജന്‍സി സ്കാനിന് നിശ്ചയിച്ചിട്ടുള്ള രോഗിക്ക് എംആര്‍ഐ സ്കാന്‍ തികച്ചും സൗജന്യമാണെന്നിരിക്കെയാണ് അധികൃതരുടെ ഇത്തരമൊരു തീരുമാനം.