ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
1547260
Thursday, May 1, 2025 6:34 AM IST
കൊല്ലം: പട്ടാപ്പകൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും.നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുനാഗപ്പളളി തഴവ ബി.കെ.ഭവനിൽ പാക്കരൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രദീപിനെ (34) യാണ് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
തഴവ തെക്കുംമുറി മേക്ക് തട്ടേക്കോട് കിഴക്കേ അറയിൽ തുളസീധരൻ (64) ആണ് കൊല്ലപ്പെട്ടത്. 2023 നവംബർ 21 ന് ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. സമീപവാസി വെള്ളാപ്പള്ളി പടീറ്റതിൽ രാമചന്ദ്രൻ പിള്ളയുടെ വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന തുളസീധരനെ പ്രതി വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നാണ് കേസ്.
പിഴത്തുക കൊല്ലപ്പെട്ട തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും ശിക്ഷാവിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണം.
കരുനാഗപ്പള്ളി സിഐ വി. ബിജു രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണ സഹായിയായി ഉണ്ടായിരുന്നത് എസ്ഐ എ. റഹിം ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.കെ. ജയകുമാർ, എ.നിയാസ് എന്നിവർ കോടതിയിൽ ഹാജരായി.