നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിപക്ഷത്തിന് വിജയം
1547253
Thursday, May 1, 2025 6:34 AM IST
പുനലൂർ : നഗരസഭയിൽ ഭരണസമിതിയുടെ ക്രമക്കേടുകൾക്കെതിരെ നാളുകളായി നടത്തി വന്ന പോരാട്ടങ്ങളിൽ വീണ്ടും പ്രതിപക്ഷത്തിന് വിജയം. 2023 ൽ ഓണം ഫെസ്റ്റിന്റെ ഭാഗമായി തൂക്കുപാലത്തിൽലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ പേരിൽ വഴി മാറ്റിയ രണ്ട് ലക്ഷം രൂപ തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടിരിക്കുകയാണ്.
മരാമത്ത് സ്ഥിരം സമിതി ചെയർമാനും എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ബിനോയി രാജൻ നഗരസഭയ്ക്ക് വേണ്ടി സ്വന്തം പേരിൽ കനറാ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചാണ് രണ്ട് ലക്ഷം രൂപ മാറിയെടുത്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
നഗരസഭയിലും പുറത്തും നടന്നു വന്ന പ്രതിപക്ഷ സമരത്തോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ മുമ്പാകെ തിരുവനന്തപുരം സ്വദേശിയായ നിലാവ് മുരളീധരൻ പിള്ള എന്നയാൾ ഹർജി നല്‍കിയിരുന്നു.
ഇതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൂടി ഹാജരായി തെളിവുകള്‍ നല്കുകയുണ്ടായി. ഈ ഹരജിയിലാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി. ഡി. രാജന് 15 ദിവസത്തിനകം 2 ലക്ഷം രൂപ ബിനോയി രാജന് തിരികെ അടക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് തൂക്കുപാലത്തിൽ ലൈറ്റ് സ്ഥാപിക്കലിനായി കൗണ്‍സില്‍ അനുമതി നേടിയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മനപൂർവ്വം വിവാദം ഉണ്ടാക്കുകയാണെന്നും ഉള്ള ഭരണസമിതിയുടെ വാദമാണ് ഈ വിധിയോടെ പൊളിഞ്ഞത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മണിയാർ വാർഡിൽ ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചതിലും അധികം വാടക ബിനോയി രാജന്റെ ബന്ധു കൂടിയായ കെട്ടിട ഉടമയ്ക്ക് നല്‍കാനായി കൗൺസിൽ തീരുമാനത്തിൽ തിരുത്തൽ വരുത്തി എഴുതിച്ചേർത്തുവെന്ന് ആരോപിച്ച് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ് സംസ്ഥാന സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. അതേ തുടർന്ന് അന്വേഷണം നടത്തുകയും അധികമായി നൽകിയ വാടക തിരിച്ച് അടയ്ക്കാൻ ഉത്തരവിടുകയും തുക തിരിച്ച് അടയ്ക്കുകയും ഉണ്ടായി.
മാസങ്ങളോളം മിനിട്ട്സ് എഴുതാതെ ക്രമക്കേട് കാട്ടി എന്ന പ്രതിപക്ഷത്തിന്റെ ഹർജിയിലെ വിധി വരാനിരിക്കുകയാണ്. ജിയോ പോളുകള്‍ സ്ഥാപിച്ചതും, കുടിവെള്ള വിതരണം, ശ്മശാനം അറ്റകുറ്റപ്പണി എന്നീ വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയാണ്.
നഗരസഭയുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ വിഷയങ്ങളിൽ നിയമസഭ പെറ്റീഷൻ കമ്മിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്, പ്രിൻസിപ്പൽ ഡയറക്ടർ, ആഭ്യന്തര വിജിലൻസ് വിഭാഗം എന്നിവയുടെ അന്വേഷണങ്ങളും നടക്കുന്നുണ്ട്.