നാഥനില്ലാതെ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
1546873
Wednesday, April 30, 2025 6:45 AM IST
കോട്ടൂർ: ആർക്കും കയറാം ഈ വന ഭൂമിയിൽ... ഏതു വാഹനത്തിലും പോകാം... വേണമെങ്കിൽ ഇവിടെ തങ്ങുകയും ചെയ്യാം. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വരുന്ന വനഭൂമിയാണു തുറന്നുകിടക്കുന്നത്. വനപാലകരും ചെക്ക് പോസ്റ്റുകളും വെറും നോക്കുകുത്തികൾ.
1992-ലാണ് പരുത്തിപ്പള്ളി വനം വിഭാഗത്തിലേയും നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതത്തിലേയും വനഭൂമി ചേർത്തു ബയോളജിക്കൽ പാർക്ക് പദ്ധതി തയാറാക്കിയത്.
എന്നാൽ അത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തടഞ്ഞു. തുടർന്നു സർക്കാർ പദ്ധതി ഉപേക്ഷിച്ചു. പിന്നെ ഈ വനഭൂമി വന്യജീവി സങ്കേതമായി മാറ്റുകയായിരുന്നു. പിന്നീ ടു കർശന നിയന്ത്രണങ്ങളും ചട്ടവും കൊണ്ടുവന്നിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിലെ ഈ വന മേഖലയിൽ 27 ആദിവാസി സെറ്റിൽമെന്റുകളാണുള്ളത്. ഏകദേശം 3,000 ത്തോളം ആദി വാസികളാണ് ഇവിടെ പാർക്കുന്നത്. ആദിവാസി ഊരുകളിലേക്കു പുറത്തുനിന്നുള്ളവർക്ക് കടന്നു ചെല്ലാൻ കർശന നിയന്ത്രണമാണു വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുത്.
എന്നാൽ ഈ നിയന്ത്രണങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല. സാമൂഹ്യ വിരുദ്ധരുടെ പ്രലോഭനങ്ങൾക്കു കോട്ടൂരിലെ ചെക്ക് പോസ്റ്റ് തുറന്നുകൊടുക്കുമ്പോൾ ഉടഞ്ഞു വീഴുന്നതു വനവാസി സ്ത്രീകളുടെ മാനമാണ്. ചെറുതും വലുതുമായ നിരവധി പീഡനങ്ങൾക്കും പീഡ ശ്രമങ്ങൾക്കും വിധേയരാകുകയാണ് ആദിവാസികൾ.
കോട്ടൂർ സ്റ്റാൻഡിലെ ടാക്സികൾ, ഒാേട്ടാ റിക്ഷകൾ എന്നിവയ്ക്ക് ചെക്ക് പോസ്റ്റുവഴി യഥേഷ്ടം കടന്നുപോകാം. ഇവർക്ക് കാര്യമായ ചെക്കിംഗുകളില്ല. സ്വകാര്യ വാഹനങ്ങൾക്കു കാനന പാതയിലേക്ക് കടക്കാൻ ഒരു വിലക്കുമില്ല.
ആദിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പട്ടണത്തിലേക്കു പോകാനാണ് കോട്ടൂരിൽനിന്നു ടാക്സികൾ വിളിക്കാറുള്ളത്. ഇങ്ങനെ വനത്തിനുള്ളിലേക്കു കടന്നു പോകുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു പോകുന്നുണ്ടോ എന്നു വനപാലകർ ശ്രദ്ധിക്കാറില്ല.
അടുത്തിടെ വനവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർ സഞ്ചരിച്ച ജീപ്പും ഇത്തരത്തിൽ ചെക്ക് പോസ്റ്റ് കടുന്നു പോയതാണ്. ചെക്കുപോസ്റ്റിലെ കാവൽക്കാർ യാതൊരു പരിശോധനയുമില്ലാതെ രാത്രിയിൽ ഈ ജീപ്പിനുവേണ്ടി വാതിൽ തുറന്നുകൊടുത്തുവെന്നാണ് ആക്ഷേപം. വനാതിർത്തി കടന്നു വരുന്നവരെ നിരീക്ഷിക്കുവാൻ മാങ്കോട്ടു സ്ഥാപിച്ച വാച്ച്ടവറിൽ ഇതേവരെ കാവൽക്കാരെ നിയമിച്ചിട്ടില്ല.
നഞ്ചുനാഴികത്തോട് അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് റേഞ്ചിന്റെ ബൗണ്ടറിയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമ്പ് ഷെഡിലും വനപാലകരെ നിയോഗിച്ചിട്ടില്ല. വന മേഖലയിലെ കാവൽപ്പുരകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
നിരീക്ഷണ കാമറ സ്ഥാപിച്ച് ഇവയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസുമായി ഇന്റർനെറ്റു വഴി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതർ ചെവികൊണ്ടില്ല. ഇത്തരം അതിക്രമങ്ങൾ തടയാൻ സർക്കാർ ഇവിടെ പോലീസ് പിക്കറ്റ് സ്റ്റേഷൻ സ്ഥാപിക്കാൻ ഉത്തരവുണ്ടായിരുന്നു. തുടർന്ന് ഇതിന്റെ നടപടികൾ തുടങ്ങിയതുമാണ്. എന്നാൽ അതും പാതി വഴിയിൽ നിലച്ചു. കാവൽപ്പുര എന്നത് ഇവരുടെ സ്വപ്നമായി മാറിയിരിക്കുകയാണ്.