പനയം പഞ്ചാ. മാലിന്യത്തോട് വിട പറഞ്ഞു, കാവൽ പോലെ ഹൈടെക് ഹരിതകര്‍മസേന
1547257
Thursday, May 1, 2025 6:34 AM IST
പനയം: മാലിന്യത്തോട് വിടചൊല്ലാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് പനയം പഞ്ചായത്ത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹരിതകര്മസേനയിലൂടെയാണ് പഞ്ചായത്തിന്റെ ഈ മുന്നേറ്റം. മാലിന്യനിര്‍മാര്‍ജനത്തിനായി 37 വനിതകള്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയാണ് പഞ്ചായത്തിൽ ഉള്ളത്. പാലക്കാട് മുണ്ടൂര്‍ ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന്റെ സാങ്കേതിക പിന്തുണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക പരിവേഷം നൽകുന്നു.
ലാപ്ടോപ്പ്, സ്കാനര്‍, ടെലഫോണ്‍, പ്രിന്റര്‍, ബയോമെട്രിക് പഞ്ചിംഗ്, മ്യൂസിക് സിസ്റ്റം, ഇന്റര്‍നെറ്റ്, വൈഫൈ, സിസിടിവി കാമറകള്‍ എന്നിങ്ങനെ തുടങ്ങി കേരളത്തിലെ മികവുറ്റ, കാലികസംവിധാനങ്ങളാണ് ഇവിടെയുള്ളത്. അജൈവമാലിന്യ ശേഖരണത്തിനായി രണ്ട് ഇലക്ട്രിക് ഓട്ടോ, ഒരു ഡീസല്വാന് എന്നിവയും പെരുമണില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യശേഖരണകേന്ദ്രമായ എംസിഎഫില്‍ ഉണ്ട്. ഇവ സേനാംഗങ്ങള്‍ ഉപയോഗിക്കുക വഴി മാലിന്യ ശേഖരണം ത്വരിതപ്പെടുത്താനായി എന്നതാണ് യാഥാർഥ്യം.
എം സി എഫില്‍ ലഭ്യമായ കണ്‍വെയര്‍ ബെല്‍റ്റ്, ബ്ലെയിങ് മെഷീന്, വാക്വം ക്ലീനര്‍, പ്രഷര്‍ പമ്പ്, പുല്വെട്ടിയന്ത്രങ്ങള്, വാഹനങ്ങളില്‍ കാറ്റ് നിറയ്ക്കാനുള്ള കംപ്രസര്‍ പമ്പുകള്‍, വ്യക്തിഗത സുരക്ഷായന്ത്രങ്ങള് എന്നിവ ഹരിത സേനാംഗങ്ങളുടെ ജോലിഭാരം ലഘൂകരിക്കുന്നു. ഉറവിടമാലിന്യം സംസ്കരിക്കുന്നതിനോടൊപ്പം, പഞ്ചായത്തില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സ്വകാര്യചടങ്ങുകളുടെ ജൈവമാലിന്യം ശേഖരിക്കുന്നതും ഹരിത കര്‍മസേനയാണ്.
100 പേരില്‍ അധികം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളുടെ രജിസ്ട്രേഷന് പഞ്ചായത്തില്‍ അതിനാൽ ഉറപ്പാക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. രജിസ്ട്രേഷന് വിവരങ്ങള്‍ ഐആര്‍ടിസി കോര്‍ഡിനേറ്റര്‍ പരിശോധിച്ച് ഓരോ ദിവസത്തെയും ചടങ്ങുകളുടെ ലിസ്റ്റ് തയാറാക്കുകയും ഹരിതകര്‍മസേനാംഗങ്ങള്‍ ചടങ്ങിന് മുൻപും ശേഷവും മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ നല്‍കുകയും ചെയ്യുന്നു.
ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും നോട്ടീസുകളും പഞ്ചായത്ത് നല്‍കുന്നതും പതിവാണ്.
ചടങ്ങ് നടക്കുമ്പോൾ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഐആര്‍ടിസി സംഘവും സ്ഥലം പരിശോധിച്ച് ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പരിപാടികളുടെ വിശദാംശങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ബന്ധപ്പെട്ടവരില്‍ നിന്ന് പിഴയീടാക്കും. രജിസ്റ്റര്‍ ചെയ്തവര്‍ ഹരിതചട്ടം പാലിക്കാതിരുന്നാല്‍ നടപടിയും സ്വീകരിക്കും. പ്രതിമാസം ശരാശരി 25 സ്വകാര്യചടങ്ങുകളില്നിന്നുള്ള ജൈവമാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിച്ച് വരുന്നുണ്ട്.
പരമാവധി 50 കിലോഗ്രാംവരെ ജൈവമാലിന്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരന് പറഞ്ഞു. ജൈവമാലിന്യങ്ങള്‍ പഞ്ചായത്തിലെ തുമ്പൂര്‍മുഴി സംസ്കരണ സംവിധാനത്തില്‍ ശേഖരിച്ച് വളമാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കൊണ്ടും പഞ്ചായത്ത് വരുമാനം കണ്ടെത്തുന്നുണ്ട്.