ദാരിദ്ര്യ വിഭാഗത്തിൽപ്പെട്ടവർക്ക് കൈത്താങ്ങുമായി അദിച്ചനല്ലൂർ പഞ്ചായത്ത്
1547269
Thursday, May 1, 2025 6:44 AM IST
ചാത്തന്നൂർ: അതിദാരിദ്ര്യം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി അദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി ഗുണഭോക്ത ലിസ്റ്റ് തയാറാക്കിയാണ് സേവനങ്ങൾ നൽകിവരുന്നത്. വി ഇ ഒ പ്രാഥമിക ലിസ്റ്റ് തയാറാക്കി.
പൊതു മാനദണ്ഡത്തിന്റെഅടിസ്ഥാനത്തിൽ ഫീൽഡ് പരിശോധന നടത്തിയാണ് 47 പേരുള്ള ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയത്. ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ പറ്റുന്ന ആളുകൾക്ക് മാസത്തിലൊരിക്കൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും. സ്വയം പാചകം ചെയ്യാൻ കഴിയാത്ത ആളുകൾക്ക് ഭക്ഷണപ്പൊതി ഏർപ്പാടാക്കും.
ലിസ്റ്റിലുള്ള ആളുകൾക്ക് അടിസ്ഥാന തിരിച്ചറിയൽരേഖകൾ നൽകിയിട്ടുണ്ട്. ഇവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി ചികിത്സ ഉറപ്പാക്കി. വാസയോഗ്യമല്ലാത്ത വീടുകൾ മെയിന്റനൻസ് തുക നൽകി വീടുകൾ നവീകരിച്ചു.
വീടില്ലാത്ത മുഴുവൻ ആളുകൾക്കും വീട് നൽകുന്ന പദ്ധതി പുരോഗമിച്ചു വരികയാണ്. വസ്തുവില്ലാത്ത ആളുകൾക്ക് സ്വന്തമായി വീട് വയ്ക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക തുക കണ്ടെത്തി വസ്തു വാങ്ങി നൽകിവരുന്നു.
വസ്തു വാങ്ങി പ്രമാണം കൈമാറുന്നതിന്റെ ഉദ്ഘാടനം കർമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്രേഖ .എസ്. ചന്ദ്രൻ നിർവഹിച്ചു. മുൻ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ കലജാദേവി, വി ഇ ഒ ശബാന സമദ്, പ്രതിഭ .കെ. ദാസ്, കെ. രമേശൻ, കെ. കലേശൻ എന്നിവർ പ്രസംഗിച്ചു.