വ്യാജരേഖ നിർമിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
1546869
Wednesday, April 30, 2025 6:40 AM IST
കൊല്ലം: വ്യാജ രേഖ നിർമിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വസ്തു കൈക്കലാക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ശക്തികുളങ്ങര മീനത്ത് ചേരിയിൽ വെൺകുളങ്ങര നഗർ-73 ൽ മഠത്തിലഴികം വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ ലളിത (64) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ സ്വദേശിയും ഇപ്പോൾ മുംബൈയിൽ താമസക്കാരനുമായ ദീപക് ആണ് പരാതി നൽകിയത്.
ദീപക്കിന്റെ പിതാവായ ചന്ദ്രദത്തൻ ദീപക്കിന്റെ ചെറുപ്പത്തിൽ തന്നെ ദീപക്കിനേയും അമ്മയേയും ഉപേക്ഷിച്ച് പോയതായിരുന്നു. എന്നാൽ ദീപക്ക് മുതിർന്നപ്പോൾ പിതാവിനെ അന്വേഷിച്ച് എത്തുകയും കൊല്ലം മയ്യനാടുള്ള അഭയ കേന്ദ്രത്തിൽ പിതാവായ ചന്ദ്രദത്തനെ കണ്ടെത്തുകയും ചെയ്തു.
പിന്നീട് ഇയാൾ ഈ കേസിലെ ഒന്നാം പ്രതിയും സഹോദരന്റെ ഭാര്യയുമായ ലളിതയുടെ വീട്ടിൽ താമസം ആക്കിയെന്ന വിവരമാണ് ദീപക്കിന് ലഭിച്ചത്. എന്നാൽ തുടർന്ന് ചന്ദ്രദത്തനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ മകനായ ദീപക്ക് അച്ഛനെ കാണാനില്ലെന്ന് കാണിച്ച് 2014 അവസാനത്തോടെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
വർഷങ്ങൾക്ക് ശേഷം ദീപക്കിന് അവകാശപ്പെട്ട അയാളുടെ പിതാവിന്റെ പേരിൽ കാവനാടുള്ള 20 സെന്റ് വസ്തു ക്രയവിക്രയം നടത്താൻ ശ്രമം ആരംഭിച്ചതോടെയാണ് ലളിതയിലെ കുറ്റവാളി ഉണർന്നത്. അത് എങ്ങനെയും തടയണമെന്നും വസ്തു എങ്ങനെയും കൈക്കലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെ മറ്റ് അഞ്ച് പ്രതികളുമായി ലളിത ഗൂഢാലോചന നടത്തുകയായിരുന്നു.
കരുനാഗപ്പള്ളി കാട്ടിൽകടവിലുള്ള നിസാറിന്റെ പക്കൽ നിന്നും ചന്ദ്രദത്തൻ 2020-ൽ 10 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്ന് കാണിച്ച് മറ്റ് കൂട്ട് പ്രതികളുടെ സഹായത്തോടെ വ്യാജ പ്രോമിസറി നോട്ട് നിർമിക്കുകയും അതിന്റെ പിൻബലത്തിൽ വസ്തു അറ്റാച്ച് ചെയ്യാൻ കൊല്ലം സബ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
ഇതു കൂടാതെ ഈ വസ്തുവിന്മേൽ അവകാശവാദം ഉന്നയിച്ച് ലളിത കൊല്ലം മുൻസിഫ് കോടതിയിലും കേസ് ഫയൽ ചെയ്തു.
ഇതോടെ വസ്തു കൈമാറ്റം ചെയ്യാൻ കഴിയാതെ കുഴങ്ങിയ ദീപക് പ്രതികൾ കോടതിയിൽ സമർപ്പിച്ചത് വ്യാജ പ്രൊമിസറി നോട്ടാണെന്നും അതിലെ തന്റെ പിതാവിന്റെ കൈയൊപ്പ് വ്യാജമാണെന്നും ആരോപിച്ച് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് സത്യങ്ങൾ പുറത്ത്കൊണ്ടുവരാൻ സഹായകമായത്.
കൊല്ലം എസിപി എസ്.ഷരീഫിന്റെ മേൽനോട്ടത്തിലും കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്ഐ സരിത, എഎസ്ഐ ജലജ, എസ്സിപിഒ ശ്രീലാൽ, സിപി ഫെബിൻ, അനിൽ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.