അഞ്ചലിൽ എണ്ണപ്പന വീണ് വീട് തകര്‍ന്നു
1546868
Wednesday, April 30, 2025 6:40 AM IST
അഞ്ചല്‍ : എണ്ണപ്പന വീണ് വീട് തകര്‍ന്നു. പതിനൊന്നാംമൈലില്‍ സന്ധ്യ വിലാസത്തില്‍ രാധാകൃഷ്ണന് - മാലതി ദമ്പതികളുടെ വീടിന് മുകളിലേക്കാണ് കൂറ്റന്‍ എണ്ണപ്പന മരം ഒടിഞ്ഞത് വീണത്.
ഇന്നലെ വൈകുന്നേരത്തോ ടെയായിരുന്നു സംഭവം. മഴയോടൊപ്പം വീശിയടിച്ച കാറ്റിലാണ് എണ്ണപ്പന ഒടിഞ്ഞുവീണത്. വീടിന്റെ ഷെയ്ഡ്, സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കമ്പിവേലി, വൈദ്യുതി ലൈറ്റ് ഉള്‍പ്പടെയുള്ളവ തകര്‍ന്നു.
കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. പലതവണ ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റ് അധികൃതരോട് അപകടാവസ്ഥയില്‍ നില്ക്കുന്ന എണ്ണപ്പനകള്‍ മുറിച്ച് നീക്കണമെന്ന് നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നതാണ്.
എന്നാല്‍ ഓയില്‍പാം അധികൃതര്‍ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇന്നലെ മരം ഒടിഞ്ഞുവീണതിന് ശേഷവും പലതവണ ബന്ധപ്പെട്ടുവെങ്കിലും ആരും എത്തിയിട്ടില്ല.
ഓയില്‍പാം അധികൃതരുടെ നിരുത്തരവാദ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് അംഗം എ. ജോസഫ് പറഞ്ഞു.