സുവർണ നേട്ടവുമായി ആശംസ
1245765
Sunday, December 4, 2022 10:55 PM IST
മുഹമ്മ: ദുബായിൽ നടക്കുന്ന ഏഷ്യൻ ക്ലാസ്സിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ എം.ആർ. ആശംസ സ്വർണം നേടി. മുഹമ്മ എബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ ആശംസ 57 കിലോ വിഭാഗത്തിലാണ് സുവർണ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ജില്ലയിൽ നിന്നു പങ്കെടുത്ത ഏക വനിതാതാരമാണ്.
നാടിന്റെ സഹായംകൂടാതെ പലരിൽ നിന്നും കടം വാങ്ങിയാണ് മത്സരച്ചെലവിനുള്ള പണം കണ്ടെത്തിയത്.
മുഹമ്മ സ്കൂളിലെ എബി വി ജിംനേഷ്യത്തിലെ കായികാധ്യാപകൻ വി. സവിനയന്റെ ശിക്ഷണത്തിൽ രണ്ടു വർഷമായി പരിശീലനം നടത്തുന്ന ആശംസ ദേശീയ - സംസ്ഥാന മത്സരങ്ങളിലായി ആറു മെഡൽ നേടിയിരുന്നു. ദേശീയ തലത്തിൽ ഒരു സ്വർണവും വെള്ളിയും സംസ്ഥാന തലത്തിൽ നാലു സ്വർണ മെഡലുകളും ഈ കായികതാരം സ്വന്തമാക്കി.
മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് മൂപ്പൻപറമ്പിൽ രാജിയുടെയും രേഖയുടെയും മകളാണ്.
സ്കൂളിലെ എബിവി ജിമ്മിലൂടെ ഇതുവരെ എട്ടു വിദ്യാർഥിനികൾ ഏഷ്യൻ പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുത്തു സ്വർണം ഉൾപ്പെടെയുള്ള മെഡലുകൾ നേടിയിട്ടുണ്ട്.