ജലക്ഷാമം രൂക്ഷം: പ്രവർത്തനം നിലച്ച് കുടിവെള്ള പദ്ധതികൾ
1415795
Thursday, April 11, 2024 9:30 PM IST
മുണ്ടക്കയം: ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന ജലസ്രോതസുകളായ പുല്ലുകയാറും അഴുതയാറും മണിമലയാറും വറ്റി വരണ്ടതോടെ പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം അവതാളത്തിൽ. നിരവധി പദ്ധതികളുടെ പ്രവർത്തനം നിലച്ചു. ചില കുടിവെള്ള പദ്ധതികളിൽ ജലവിതരണം രണ്ട് ദിവസമായി പരിമിതപ്പെടുത്തി. വെള്ളം കിട്ടാക്കനിയായതോടെ പൊതുജനം നെട്ടോട്ടത്തിലാണ്.
അവതാളത്തിലായി മൂന്ന്
കുടിവെള്ള പദ്ധതികൾ
മണിമലയാറിനു കുറുകെ മുണ്ടക്കയം വെള്ളനാടിയിൽ സ്ഥാപിച്ചിരിക്കുന്ന ചെക്ക് ഡാമിനെ ആശ്രയിച്ച് മൂന്നു കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. വെള്ളം പൂർണമായും വറ്റി ചെക്ക്ഡാം മണൽപരപ്പായതോടെ ഈ കുടിവെള്ള പദ്ധതികളുടെയെല്ലാം പ്രവർത്തനം അവതാളത്തിലായി.
മുണ്ടക്കയം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് നാളുകൾ പിന്നിട്ടു. മണിമലയാറ്റിൽ നിന്നു ജലം പമ്പു ചെയ്ത് ചെളിക്കുഴിയിൽ സ്ഥാപിച്ചിരിക്കുന്ന മേജർ വാട്ടർ ടാങ്കിലെത്തിച്ചാണ് ജലവിതരണം നടത്തിയിരുന്നത്. ഇതിന്റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ മുണ്ടക്കയം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും സമീപത്തെ നൂറുകണക്കിന് കുടുംബങ്ങളിലും വെള്ളം കിട്ടാതെയായി. വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയായതോടെ ടൗണിൽ പ്രവർത്തിക്കുന്ന താത്ക്കാലിക ഹോട്ടലുകൾ പലതും അടച്ചു തുടങ്ങി. ചില മേഖലയിൽ പൊതുപ്രവർത്തകരും സന്നദ്ധ സംഘടനകളും കുടിവെള്ളം എത്തിച്ചു നൽകുന്നുണ്ട്.
പ്രതിസന്ധിയിലായി
കുടിവെള്ള പദ്ധതി
വെള്ളനാടി മുറികല്ലുംപുറത്തെ ഇരുനൂറോളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവർത്തനവും അവതാളത്തിലായി. വെള്ളം പമ്പ് ചെയ്യുന്ന കുളത്തിൽ ജലനിരപ്പ് പൂർണമായും താഴ്ന്നതോടെ പദ്ധതിയുടെ പ്രവർത്തനം നിർത്തേണ്ട സാഹചര്യത്തിലാണെന്ന് മുൻ പഞ്ചായത്ത് അംഗം ജിജി നിക്കോളാസ് പറയുന്നു.
ഉയർന്ന പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളിലെ ഏക ആശ്രയമാണ് ഈ കുടിവെള്ള പദ്ധതി. പുഴയിലെ താത്ക്കാലിക ഓലിയിൽ പോലും വെള്ളമില്ലാതായതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. മുണ്ടക്കയം സർക്കാർ ആശുപത്രിയിലേക്ക് ആവശ്യമായ ജലം പമ്പ് ചെയ്യുന്നതും മണിമലയാറ്റിൽ നിന്നാണ്. പുഴയിൽ വെള്ളം ഇല്ലാതായതോടെ മറ്റ് പദ്ധതികൾക്കൊപ്പം ആശുപത്രിയിലേക്കുള്ള ജലവിതരണവും അവതാളത്തിലാണ്.
മണൽ മൂടി ചെക്ക് ഡാം
മുണ്ടക്കയം ടൗണിലെ പ്രധാന ജലവിതരണ പദ്ധതികൾ പ്രവർത്തിക്കുന്ന വെള്ളനാടി ചെക്ക് ഡാം പൂർണമായും മണൽ മൂടിയ നിലയിലാണ്. പ്രളയത്തിൽ വന്നടിഞ്ഞ മണൽ മൂടി ചെക്ക് ഡാമിന്റെ സംഭരണശേഷി പൂർണമായും ഇല്ലാതായ അവസ്ഥയിലാണ്. ഇത് മഴക്കാലത്ത് പ്രദേശത്ത് വെള്ളപ്പൊക്കത്തിനും വേനൽക്കാലത്ത് കടുത്ത ജലക്ഷാമത്തിനും ഇടയാക്കുകയാണ്. കൂട്ടിക്കൽ, കൊക്കയാർ, കോരുത്തോട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ പുല്ലുകയാറും അഴുതയാറും വറ്റിയതോടെ ഇതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനം നിലച്ചു.