ഉണങ്ങിയ മാവ് അപകടഭീഷണിയാവുന്നു
1415828
Thursday, April 11, 2024 10:57 PM IST
പാലാ: കരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചിറ്റാര്‍ പള്ളിക്ക് സമീപം തോട് പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന ഉണങ്ങിയ മാവ് സമീപവാസികളായ മൂന്ന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. നാലു വര്‍ഷത്തോളമായി മരം ഉണങ്ങി നില്‍ക്കുകയാണ്.
സമീപത്തു താമസിക്കുന്ന വാഴവേലിയില് ശശി, ലിസി, കൊച്ചുമോള് എന്നിവരുടെ പുരയിടത്തിലേക്കാണ് മാവ് ചാഞ്ഞുനില്‍ക്കുന്നത്. കളക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ട് നാളുകള്‍ ഏറെയായെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. മഴക്കാലം ആവുമ്പോള്‍ ഉണങ്ങിയ മരം വീടിന് മുകളിലേക്ക് വീഴുമോ എന്ന ആശങ്കയിലാണ് ഇവര്‍.
ഇവര്‍ കൊടുത്ത പരാതിയെ തുടര്‍ന്ന് മരം മുറിക്കാന്‍ കളക്ടറുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിന് ഫണ്ടില്ല എന്ന് പറഞ്ഞ് മരം മുറിക്കല്‍ നടന്നിട്ടില്ല. തുടര്‍ന്ന് സമീപവാസികള്‍ സ്വന്തം നിലയില്‍ 17,000 രൂപ മുടക്കി ശിഖരം ഇറക്കിയിരുന്നു. അപ്പോള്‍ മരം മുറിക്കുന്നത് വനംവകുപ്പു തടഞ്ഞു. എത്രയും പെട്ടെന്ന് അനുകൂലമായ തീരുമാനം സ്വീകരിച്ച് മരം മുറിച്ചു മാറ്റണമെന്നാണ് സ്ഥലവാസികള്‍ ആവശ്യപ്പെടുന്നത്.