വായനയുടെ ലോകം വിപുലമാക്കി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍
1423827
Monday, May 20, 2024 10:45 PM IST
പാലാ: വായനയുടെ ലോകം വിപുലമാക്കി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍. വായനശാലകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയാണ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നിടുന്നത്.
86 വായനശാലകളുമായി പ്രവര്‍ത്തനം തുടങ്ങിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നിടുമ്പോള്‍ ലൈബ്രറികളുടെ എണ്ണം തൊണ്ണൂറില്‍ എത്തിക്കാന്‍ കഴിഞ്ഞതായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബും സെക്രട്ടറി റോയി ഫ്രാന്‍സിസും അറിയിച്ചു. മഹാകവി പാലാ നാരായണന് നായര്‍ ലൈബ്രറി, കൊട്ടുകാപ്പിള്ളി ലൈബ്രറി ഈരാറ്റുപേട്ട, ഓംറാം ചിറ്റാനിപ്പാറ, പ്രോഗ്രസീവ് ലൈബ്രറി കൊണ്ടാട് എന്നിവയാണ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പരിശ്രമത്തില്‍ അഫിലിയേഷന് പൂര്‍ത്തീകരിച്ച് പുതിയതായി തുടക്കമിട്ടത്.
താലൂക്കില്‍ ബാലവേദി, വനിതാവേദി, വിവിധ ഘട്ടങ്ങളിലെ വായനാമത്സരം, സര്‍ഗോത്സവം തുടങ്ങിയവ ആകര്‍ഷകമായി പൂര്‍ത്തീകരിച്ചു. വനിതാ വയോജന പുസ്തകവിതരണം, താലൂക്ക് റഫറന്‍സ് ലൈബ്രറി പ്രവര്‍ത്തനം, വായന പക്ഷാചരണം, ഗ്രന്ഥശാല സംരക്ഷണ സദസ് എന്നിവയും നടത്തി. ഡിജിറ്റല്‍ ലൈബ്രറി എന്ന ലക്ഷ്യം എല്ലാ ലൈബ്രറികളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.
വാര്‍ഷിക ഗ്രാന്റും ലൈബ്രറേറിയന്‍ അലവന്‍സും ഓണം ഫെസ്റ്റിവല്‍ അലവന്‍സും യഥാസമയം വിതരണം ചെയ്യാന്‍ താലൂക്ക് കൗണ്‍സിലിന് കഴിഞ്ഞു. ബുക്ക് ബയന്റിംഗ് പരിശീലനം, വിവിധ ഉപകരണങ്ങളുടെ വിതരണം എന്നിവയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തി.