നാട്ടിലെ പന്നികള്‍ നാഗാലാന്‍ഡിലേക്ക്
1459627
Tuesday, October 8, 2024 6:04 AM IST
കോട്ടയം: പന്നിയിറച്ചി വില അടിക്കടി ഉയരുന്ന സാഹചര്യത്തിലും നാട്ടിലെ ഫാമുകളില്‍നിന്ന് പന്നികളെ ജീവനോടെ ട്രെയിനിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വില്പനയ്ക്ക് കൊണ്ടുപോകുന്നു. കന്യാകുമാരി-ഡിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ പന്നികളെ കൊണ്ടുപോകാന്‍ മാത്രം പ്രത്യേകം കോച്ചും ക്രമീകരിച്ചിട്ടുണ്ട്. ഈ വാഗണുകളില്‍ പന്നികള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കാന്‍ മേല്‍നോട്ടക്കാരനെയും അയയ്ക്കുന്നു.
തിരുനല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി പ്രദേശങ്ങളിലെ ഫാമുകളിലെ പന്നികളെ അപ്പാടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരികളെത്തി കച്ചവടമുറപ്പിക്കുകയാണ്. ശരാശരി 150 കിലോ തൂക്കമുള്ള പന്നികളെയാണ് വില്പന.
കോട്ടയം, എറണാകുളം ജില്ലയില്‍ നിന്നുള്‍പ്പെടെ തമിഴ്നാട് വ്യാപാരികളും പന്നികളെ വാങ്ങുന്നുണ്ട്. ജനവാസമേഖലകളില്‍ പന്നിഫാമുകള്‍ നടത്തുന്നതിലെ നിയമപ്രശ്നങ്ങളും പരാതികളുംമൂലം ഫാമുകളേറെയും നിലച്ചു.
ഇക്കാരണത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പന്നിയിറച്ചി കിലോയ്ക്ക് 150 രൂപ വര്‍ധിച്ച് 400-410 രൂപ നിരക്കിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വില കിട്ടുമെന്നതും ഫാമുകള്‍ക്കും കച്ചവടക്കാര്‍ക്കും നേട്ടമായി. നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് പോര്ക്കിറച്ചിക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത്.
15 ടണ്‍ പന്നികളെ വരെ ഇത്തരം സ്പെഷല്‍ കോച്ചുകളില്‍ കൊണ്ടുപോകുന്നുണ്ട്. മുന്‍പ് ട്രക്കുകളിലായിരുന്നു പന്നികളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി അയച്ചിരുന്നത്. ട്രെയിനിനെക്കാള്‍ കൂലിനിരക്കും ട്രക്കുകള്‍ക്ക് കുറവാണ്. എന്നാല്‍ കടുത്ത ചൂടില്‍ ദിവസങ്ങള്‍ നീണ്ട യാത്രയില്‍ പന്നികള്‍ ചാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രെയിനിനെ ആശ്രയിക്കാന്‍ തുടങ്ങിയത്.