നെടുങ്കണ്ടത്ത് കൂറ്റന്‍പാറ റോഡിലേക്ക് അടര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം
1584686
Monday, August 18, 2025 11:49 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ബിഎഡ് കോളജിന് സമീപം സംസ്ഥാന പാതയോരത്ത് കൂറ്റന്‍പാറ അടര്‍ന്നുവീണു. ഒഴിവായത് വന്‍ ദുരന്തം.
കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് 10 അടിയോളം ഉയരവും 15 അടിയോളം വ്യാസവുമുള്ള പാറ അടര്‍ന്നുവീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വലിയ പാറക്കല്ല് നിരങ്ങി റോഡിന് സമീപത്തേക്ക് പതിക്കുകയായിരുന്നു. പാറ വീണ സ്ഥലത്ത് കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ സമീപത്തേക്ക് പാറ ഉരുണ്ടുവന്ന് നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ ഓട്ടോയുടെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. മറ്റു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കോളജ്, കെഎസ്ആര്‍ടിസി ഗാരേജ്, പെട്രോള്‍ പമ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.
കനത്ത മഴയില്‍ അടിയില്‍നിന്ന് മണ്ണൊലിച്ചു പോയതിനെത്തുടര്‍ന്നാണ് കല്ല് ഉരുണ്ടുവീണത്. സമീപത്ത് നിരവധി കല്ലുകള്‍ അപകടഭീഷണി ഉയര്‍ത്തി സമാനമായ സാഹചര്യത്തിലുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന തിരക്കേറിയ റോഡ് കൂടിയാണിത്. ഉരുണ്ടുവന്ന പാറ റോഡിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.