പഞ്ചായത്ത് അവഗണിച്ച കർഷകയെ നാട്ടുകാർ ആദരിച്ചു
1584689
Monday, August 18, 2025 11:49 PM IST
ചെറുതോണി: പഞ്ചായത്ത് അവഗണിച്ച മികച്ച സമ്മിശ്ര കർഷകയെ നാട്ടുകാർ മികച്ച കർഷകയായി തെരഞ്ഞെടുത്ത് ആദരിച്ചു. കർഷക ദിനത്തിൽ മികച്ച കർഷകയായി തെരഞ്ഞെടുക്കാൻ യോഗ്യയായ വനിതാ കർഷകയെ കഞ്ഞിക്കുഴി പഞ്ചായത്ത് അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി വർക്കിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ആദരിച്ചത്.
കഞ്ഞിക്കുഴി സ്വദേശിയും സമ്മിശ്ര കർഷകയുമായ ചന്ദ്രൻകുന്നേൽ സെലിൻ മാത്യുവിനെയാണ് കൃഷിഭവന് മുൻപിൽ ആദരിച്ചത്. അർഹതയുണ്ടായിട്ടും സെലിൻ മാത്യുവിനെ അവഗണിക്കുകയായിരുന്നെന്നാണ് ആരോപണം.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മികച്ച കർഷകരെ ചേലച്ചുവട് ക്ഷീരസംഘം ഹാളിൽ ആദരിക്കുന്ന സമയത്താണ് സമീപത്തുള്ള കൃഷിഭവന് മുന്നിൽ സെലിൻ മാത്യുവിനെയും ആദരിച്ചത്. അഞ്ചേക്കർ സ്ഥലത്ത് സമ്മിശ്ര കൃഷി ചെയ്യുന്ന വിധവയായ സെലിൽ മാത്യുവിനെയാണ് പഞ്ചായത്ത് അവാർഡ് നിർണയ കമ്മിറ്റി അവഗണിച്ചത്.
അർഹതയുള്ള കർഷകരെ ഒഴിവാക്കി വ്യക്തിതാത്പര്യങ്ങളുടെ പേരിൽ അവാർഡ് നൽകുന്ന പഞ്ചായത്ത് നടപടി യഥാർഥ കർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്ന് നാട്ടുകാർ ആരോപിച്ചു.