വേറിട്ട പ്രദർശനവുമായി മരിയൻ കോളജ് ബിബിഎ വിദ്യാർഥികൾ
1584978
Tuesday, August 19, 2025 11:34 PM IST
കുട്ടിക്കാനം: 2018ലെ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ബിബിഎ (എയ്ഡഡ്) വിദ്യാർഥികൾ സംഘടിപ്പിച്ച എക്സിബിഷൻ ശ്രദ്ധേയമായി.
മണ്ണിനോട് മല്ലടിക്കുന്ന മനുഷ്യന്റെ മുന്നിൽ രൗദ്രഭാവം പൂണ്ടുനിൽക്കുന്ന പ്രകൃതിയെ അവതരിപ്പിക്കുകയായിരുന്നു എക്സിബിഷന്റെ ലക്ഷ്യം. ഫ്രം റൂയിൻസ് ടു റെസിലിയൻസ് എന്ന പേരിൽ രണ്ടു ദിവസങ്ങളിലായാണ് എക്സിബിഷൻ.
പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ച് ഇലക്ട്രിസിറ്റി നഷ്ടപ്പെടുന്ന പ്രദേശങ്ങളെ ഓർമപ്പെടുത്തി എക്്സിബിഷൻ സ്ഥലങ്ങളിൽ മൊബൈൽ വെട്ടം കരുതി വേണമായിരുന്നു സന്ദർശകർ പ്രവേശിക്കേണ്ടിയിരുന്നത്. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും പത്രവാർത്തകളും മോഡലുകളും എക്സിബിഷനെ ആകർഷകമാക്കി. മോഡലുകളുടെ വെളിച്ചത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും എങ്ങനെ ഉണ്ടാകുന്നുവെന്ന് വിദ്യാർഥികൾ സന്ദർശകർക്കു വിശദീകരിച്ചു.
വിദ്യാർഥികളെ പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അഭിനന്ദിച്ചു. ഡിപ്പാർട്ട്മെന്റ്് തലവൻ ഡോ. ജോഷി ജോണ്, ഫാ. ഡോ. സിബി ജോസഫ്, മെൽബി ജോസഫ് എന്നിവർ പ്രോത്സാഹനം നൽകി. എക്സിബിഷന് നതാഷ എ. പാറയ്ക്കൽ, അമൃത് ബി. ദേവ് എന്നീ വിദ്യാർഥികൾ നേതൃത്വം നൽകി.