എയ്ഡഡ് സ്കൂൾ നിയമനം; സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് ഇടുക്കി രൂപത ജാഗ്രതാസമിതി
1584456
Sunday, August 17, 2025 11:31 PM IST
കരിമ്പൻ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2018 മുതൽ ഏഴു വർഷമായി നിയമനാംഗീകാരമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി.
1996 മുതൽ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയ നാലു ശതമാനം അധ്യാപക സംവരണം ഒറ്റയടിക്ക് നടപ്പിലാക്കാൻ ശ്രമിച്ചതാണ് അധ്യാപകനിയമന പ്രശ്നം ഗുരുതരമാക്കിയത്. ഭിന്നശേഷി സംവരണം നടപ്പിലാക്കാൻ എയ്ഡഡ് സ്കൂളുകൾ സന്നദ്ധമായിരുന്നു. സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരമുള്ള തസ്തികകൾ മാറ്റിയിട്ട് സർക്കാരിനെ അറിയിക്കുകയും ചെയ്തതാണ്.
എന്നാൽ, ഭിന്നശേഷി നിയമത്തിന്റെ പരിധിയിൽ വരുന്ന യോഗ്യരായ അധ്യാപകരുടെ അഭാവം മൂലം സർക്കാരിനു പോലും നിയമനം നടത്താൻ സാധിക്കാതെവന്നു. ഭിന്നശേഷി വിഭാഗത്തിൽ മൂവായിരത്തോളം ഒഴിവുകൾ വിവിധ എയ്ഡഡ് സ്കൂളുകൾ മാറ്റിവച്ചിട്ടുണ്ടങ്കിലും ഈ വിഭാഗത്തിൽ യോഗ്യതയുള്ള അഞ്ഞൂറോളം അധ്യാപകരെ മാത്രമേ നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിട്ടുള്ളൂ.
25 വർഷത്തെ ബാക്ക്ലോഗ് പൂർണമായി പരിഹരിച്ചാൽ മാത്രമേ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുകയുള്ളൂവെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഈ ഉത്തരവാണ് എൻഎസ്എസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തതും അനുകൂല വിധി സമ്പാദിച്ചതും. എൻഎസ്എസിനു ലഭിച്ച കോടതിവിധിയുടെ സമാന സാഹചര്യം ഉണ്ടായിട്ടും കത്തോലിക്ക സഭയുടെ മാനേജ്മെന്റുകളിലെ അധ്യാപക നിയമനം നിരസിച്ചുകൊണ്ട് ജൂലൈ 30ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് കടുത്ത വിവേചനമാണെന്ന് ഇടുക്കി രൂപത ജാഗ്രതാസമിതി ആരോപിച്ചു.
ഇടുക്കി രൂപത കാര്യാലയത്തിൽ കൂടിയ ജാഗ്രതാസമിതി യോഗത്തിൽ രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ജാഗ്രതാസമിതി ഭാരവാഹികളായ ഫാ. ജിൻസ് കാരക്കാട്ട്, ബിനോയി മഠത്തിൽ, എം.വി. ജോർജുകുട്ടി, ബിനോയി ചെമ്മരപ്പള്ളിൽ, ജിജി കൂട്ടുങ്കൽ, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.