യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1584457
Sunday, August 17, 2025 11:31 PM IST
ശാന്തൻപാറ: ശാന്തൻപാറ പള്ളിക്കുന്നിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തടി സ്വദേശികളായ രൂപൻ (20), ഇയാളുടെ ബന്ധു മുരുകൻ (31) എന്നിവരെയാണ് ശാന്തൻപാറ സിഐ എസ്. ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
മർദനത്തിൽ പരിക്കേറ്റ വാഴേപ്പറമ്പിൽ ബിജു (കുട്ടായി-46) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ രൂപന്റെ സഹോദരൻ മോഹനനും ബിജുവും തമ്മിൽ ചേരിയാർ-പള്ളിക്കുന്ന് റോഡിൽവച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. അന്നു വൈകുന്നേരം പ്രതികൾ ബിജുവിനെ പള്ളിക്കുന്നിൽവച്ച് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി മോഹനൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.