വണ്ണപ്പുറത്തെ മോഷണം: യുവാവ് പിടിയിൽ
1584695
Monday, August 18, 2025 11:49 PM IST
വണ്ണപ്പുറം: മോഷണക്കേസുമായി ബന്ധപ്പെട്ട് യുവാവിനെ കാളിയാർ പോലീസ് പിടികൂടി. നാൽപ്പതേക്കർ തൈവിളാകത്ത് അശ്വിനെ(20) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുന്പും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ 20 ദിവസം മുന്പാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം വണ്ണപ്പുറം നാൽപ്പതേക്കറിലെ ഇടച്ചിറയിൽ ചന്ദ്രന്റെ വീട്ടിൽ മോഷണം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ സമീപകാലത്ത് നടന്ന ക്ഷേത്രമോഷണങ്ങളിൽ പങ്കില്ലെന്ന നിലപാടിലാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി. അടുത്ത നാളുകളിൽ വണ്ണപ്പുറം മേഖലയിൽ മോഷണം പതിവായതിനെത്തുടർന്ന് കാളിയാർ പോലീസിനെതിരേ വലിയതോതിലുള്ള വിമർശനം ഉയർന്നിരുന്നു.