രാജ്യത്തിന്റെ ഐക്യത്തിന് പോറലേല്‍ക്കരുത്: മന്ത്രി റോഷി അഗസ്റ്റിൻ
1584322
Sunday, August 17, 2025 6:32 AM IST
ഇടുക്കി: രാജ്യത്തിന്റെ ഐക്യത്തിന് പോറലേല്ക്കുന്ന യാതൊന്നും ഉണ്ടാകരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
1947ല്‍ ലഭിച്ച സ്വാതന്ത്ര്യം കേവലം രാഷ്ട്രീയമോചനം മാത്രമല്ല. ലക്ഷക്കണക്കിനു ജനങ്ങളുടെ സ്വപ്നങ്ങളുടെയും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും വിജയമാണ്. പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിന് മുറിവേല്‍ക്കുന്നത് നമ്മുടെ ദേശസ്നേഹത്തിന് ക്ഷതമേല്ക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തന്‍പാറ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശരണ്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ എസ്പിസി ബാന്‍ഡ്, പോലീസ് ബാന്‍ഡ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ അണിനിരന്നു. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഇമ്മാനുവല്‍ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയഗാനത്തിനും റീമ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ദേശഭക്തി ഗാനത്തിനും നേതൃത്വം നല്കി.
എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എന്‍സിസി ജൂണിയര്‍ വിഭാഗത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, എസ്പിസി വിഭാഗത്തില്‍ നങ്കിസിറ്റി എസ്എന്എച്ച്എസും മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസും സ്കൗട്ട്സ് വിഭാഗത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, ഗൈഡ്സ് വിഭാഗത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവര്‍ പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച് പുരസ്കാരത്തിന് അര്‍ഹരായി. റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ബെന്നി കെ. മാമ്മന്റെ നേതൃത്വത്തിലുള്ള പോലീസ് ബാന്റും എസ്എന്‍ എച്ച്എസ് നങ്കിസിറ്റി സ്കൂളിലെ മീനാക്ഷി അഭിലാഷിന്റെ നേതൃത്വത്തിലുള്ള എസ്പിസി ബാന്റും പൈനാവ് മോഡല്‍ റെസിഡന്‍ഷല്‍ സ്കൂളിലെ പി.എസ്. ഗൗരിനന്ദയുടെ നേതൃത്വത്തിലുള്ള എസ്പിസി ബാന്റും പരേഡിന് കൊഴുപ്പേകി.
ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.