ഓണത്തിന് കുടുംബശ്രീ വിപണനമേളയും ചന്തകളും
1584983
Tuesday, August 19, 2025 11:34 PM IST
ഇടുക്കി: ഓണക്കാലം ആഘോഷമാക്കാൻ കുടുംബശ്രീ ഇത്തവണയും വിപണിയിൽ സജീവമാകും. ഗുണമേന്മയേറിയ ഉത്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
ഓണവിപണിയെ ലക്ഷ്യമിട്ട് വിപണന മേളകൾ സംഘടിപ്പിക്കുന്നതിനൊപ്പം പ്രത്യേക ഗിഫ്റ്റ് ഹാംപറും ഒരുക്കിയിട്ടുണ്ട്. സംരംഭകർക്ക് അധികവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.
ഓണത്തോടനുബന്ധിച്ച് എല്ലാ സിഡിഎസുകളിലും രണ്ട് സിഡിഎസ് തല ഓണച്ചന്തകൾ സംഘടിപ്പിക്കും. ഇതിനു പുറമേ ജില്ലാതല ഓണച്ചന്ത ചെറുതോണിയിൽ നടക്കും. പോക്കറ്റ് മാർട്ടിലൂടെ ഗിഫ്റ്റ് ഹാംപർ വീട്ടിലെത്തും.
കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട്, ദ കുടുംബശ്രീ സ്റ്റോർ എന്നീ ഓണ്‍ലൈൻ ആപ് വഴി ഓണക്കിറ്റുകൾ ഓർഡർ ചെയ്യാം. സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്ത എട്ട് ഉത്പന്നങ്ങളാണ് ഗിഫ്റ്റ് ഹാംപറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചിപ്സ്, ശർക്കര വരട്ടി, പായസം മിക്സ്, സാന്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെജ് മസാല എന്നിവയടങ്ങിയ കിറ്റ് 799 രൂപയ്ക്ക് രാജ്യത്തുടനീളം ലഭ്യമാക്കും.
ഇതു കൂടാതെ സിഡിഎസ് തലത്തിൽ 750 രൂപയുടെ പ്രത്യേക കിറ്റുകളും ജിഎസ്ടി രജിസ്ട്രേഷനുള്ള കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങളും ഈ കിറ്റുകളിൽ ഉൾപ്പെടുത്തും. ബ്രാൻഡഡ് കറിപൗഡർ കണ്‍സോർഷ്യം, ചിപ്സ് കണ്‍സോർഷ്യം എന്നിവയിൽനിന്നുള്ള ഉത്പന്നങ്ങൾ കിറ്റുകളുടെ പ്രത്യേകതയാണ്.