തൊഴിൽ സുരക്ഷ: വനിതാ ബീറ്റ് ഓഫീസർമാർക്ക് പബ്ലിക് ഹിയറിംഗ്
1584977
Tuesday, August 19, 2025 11:34 PM IST
ഇടുക്കി: സംസ്ഥാനത്ത് ആദ്യമായി വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രശ്നപരിഹാരത്തിനുള്ള ശിപാർശ സർക്കാരിന് സമർപ്പിക്കുന്നതിനുമായാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്. മൂന്നാറിൽ നടത്തിയ ഹിയറിംഗ് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
2017 മുതലാണ് വനിതകളെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമിച്ചു തുടങ്ങിയത്. സംസ്ഥാനത്ത് ആകെയുള്ള 3126 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 700 പേർ വനിതകളാണ്. വനവും വനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്ന ശ്രമകരമായ ജോലിയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടേത്. അവരുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലിടത്തിൽ ലഭ്യമാകേണ്ട പ്രാഥമിക സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, തൊഴിലിടത്തിലെ സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് ഹിയറിംഗിൽ ഉയർന്നുവന്നത്.
പോലീസിലും എക്സൈസിലും ഫയർ ഫോഴ്സിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. തൊഴിലുറപ്പ്, ഹരിതകർമസേന, ആശാ പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. ഇത്തരത്തിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയാണ് വനിതാ കമ്മീഷന്റെ ലക്ഷ്യമെന്നും പി. സതീദേവി പറഞ്ഞു.
ജില്ലയിലെ വിവിധ റേഞ്ചുകളിൽനിന്നുള്ള വനിതാ ബീറ്റ് ഓഫീസർമാരും വാച്ചർമാരുമാണ് ഹിയറിംഗിൽ പങ്കെടുത്തത്. കമ്മീഷനംഗം എലിസബത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, വി. ആർ. മഹിളാമണി, വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, വനിത കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ പങ്കെടുത്തു.