കൊടുംവളവില്‍ അപകടക്കെണിയായി മരത്തിന്റെ ഭാഗങ്ങള്‍
1584690
Monday, August 18, 2025 11:49 PM IST
രാജാക്കാട്: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ശക്തമായ മഴയിൽ കടപുഴകിവീണ മരം മുറിച്ചുനീക്കിയെങ്കിലും മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ റോഡരികില്‍നിന്നു മാറ്റാന്‍ നടപടിയില്ല. ചുണ്ടലിന് സമീപം കൊടുംവളവിലാണ് കൂറ്റന്‍ മരത്തിന്റെ കഷണങ്ങളും ചില്ലകളും കൂട്ടിയിട്ടിരിക്കുന്നത്.
വളവ് തിരിഞ്ഞുവരുമ്പോള്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തവിധമാണ് ഇവ കിടക്കുന്നത്. മുമ്പ് നിരവധി അപകടങ്ങള്‍ നടന്ന കൊടുംവളവിലാണ് അപകടഭീഷണി ഉയര്‍ത്തി മുറിച്ചിട്ട മരത്തിന്റെ ഭാഗങ്ങള്‍ കിടക്കുന്നത്.
പൂപ്പാറയില്‍നിന്നു ബോഡിമെട്ടിലേക്ക് പോകുന്ന വഴിയില്‍ ചൂണ്ടലിന് സമീപമാണ് ഏലത്തോട്ടത്തില്‍ നിന്നിരുന്ന കൂറ്റന്‍ മരം അപകടവളവിലേക്കു കടപുഴകി വീണത്.തുടര്‍ന്ന് അധികൃതരെത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍നിന്ന് നീക്കം ചെയ്യാത്തതിനാല്‍ വലിയ അപകട ഭീഷണിയാണ് നിലനില്‍ക്കുന്നത്.
വളവിന്റെ മറുവശത്ത് കൂറ്റന്‍ മരത്തിന്റെ മുറിച്ച ഭാഗങ്ങള്‍ കിടക്കുന്നതിനാല്‍ ബസും ലോറിയുമടക്കമുള്ള വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.