ശാന്തമ്പാറ പഞ്ചായത്തിൽ വ്യാപകമായി ഇരട്ടവോട്ടുകൾ ചേർത്തതായി പരാതി
1584984
Tuesday, August 19, 2025 11:34 PM IST
രാജാക്കാട്: ശാന്തമ്പാറ പഞ്ചായത്തിൽ സിപിഎം വ്യാപകമായി ഇരട്ട വോട്ടുകൾ ചേർക്കുന്നതായി കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു. ശാന്തമ്പാറ പഞ്ചായത്തിൽ താമസിക്കുന്ന തമിഴ് വംശജരായ ചിലർ സിപിഎമ്മിന്റെ ഒത്താശയോടെ തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായിട്ടുള്ള അവരുടെ ബന്ധുക്കളെ വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്തതായാണ് ആരോപണം.
പാർട്ടി ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം പഞ്ചായത്തിലെ ഹിയറിംഗ് ഉദ്യോഗസ്ഥൻ നേരിട്ടുള്ള ഹിയറിംഗ് നടത്താതെ ലിസ്റ്റിൽ പേര് ചേർത്തിട്ടുണ്ടെന്നാണ് ഇവരുടെ ആക്ഷേപം.
മുള്ളൻതണ്ട്, പുത്തടി, പേത്തൊട്ടി, ആനയിറങ്കൽ, വേട്ടുവൻപാറ എന്നീ തമിഴ് സ്വാധീനമുള്ള മേഖലകളിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും ജീവനക്കാരുടെയും ഇടപെടൽ മൂലം അനധികൃതമായി ലിസ്റ്റിൽ പേര് ചേർക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
യുഡിഎഫിന് സ്വാധീനമുള്ള വാർഡുകളിൽ മറ്റു വാർഡുകളിൽനിന്ന് എൽഡിഎഫ് പ്രവർത്തകരെ ചേർത്തിട്ടുണ്ടെന്നും 30ന് അന്തിമവോട്ടർ പട്ടിക ഇറങ്ങുമ്പോൾ കള്ളവോട്ടുകളും ഇരട്ട വോട്ടുകളും ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി നൽകുമെന്നും നിയമപരമായി നേരിടുമെന്നും നേതാക്കളായ ബിജു വട്ടമറ്റം, എസ്. വനരാജ്, സുരേഷ് ആശാരിപറമ്പിൽ എന്നിവർ അറിയിച്ചു.