ഓട വൃത്തിയാക്കി നാടിന് മാതൃകയായി
1584701
Monday, August 18, 2025 11:49 PM IST
ചെറുതോണി: കല്ലും മണ്ണും ചപ്പുചവറുംകൊണ്ട് അടഞ്ഞുപോയ ഓട വൃത്തിയാക്കി ഭൂമിയാംകുളം സ്വദേശികൾ നാടിന് മാതൃകയായി. ഭൂമിയാംകുളം ടൗണിൽ റോഡിന് കുറുകെ നിർമിച്ചിരുന്ന കോൺക്രീറ്റ് സ്ലാബിട്ട് മൂടിയ ഓടയാണ് നാട്ടുകാർ വൃത്തിയാക്കിയത്. അരക്കിലോമീറ്ററിലധികം ദൂരത്തുനിന്നുള്ള മഴവെള്ളം ഈ ഓടയിലൂടെയാണ് ഒഴുകിയിരുന്നത്.
മഴക്കാലം ആരംഭിച്ചപ്പോൾത്തന്നെ കല്ലും മണ്ണും ചപ്പുചവറുകളും ഒഴുകിയെത്തി ഓട അടഞ്ഞുപോയിരുന്നു. ഇതോടെ കുത്തിയൊഴുകി എത്തുന്ന മഴവെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു. റോഡിൽ ചെറുകല്ലുകളും ചെളിയും വന്നടിഞ്ഞ് വാഹനയാത്രയും അപകടകരമായിരുന്നു.
ഭൂമിയാംകുളം പള്ളി വികാരി ഫാ. ജോൺസൺ ചെറുകുന്നേലിന്റെ നേതൃത്വത്തിൽ ഷർജൻ വള്ളിക്കാവുങ്കൽ, അനീഷ് ഊളാനിയിൽ, ബിബി ചക്കാലക്കൽ, ജോസുകുട്ടി കണിയാംകുടി, ജയിംസ് കാഞ്ഞിരത്തിങ്കൽ, ജോയി എള്ളിൽ, ജോർജ് പാലക്കാട്, ബിജു പുത്തൻപുരയിൽ, ജിനു തൊട്ടിയിൽ, കുഞ്ഞുമോൻ കുറമഠത്തിൽ, സിബു കല്ലുവേലിൽ തുടങ്ങിയവർ ചേർന്നാണ് ഓട വൃത്തിയാക്കിയത്.