ജില്ലാ കോടതിവളപ്പില്‍ പച്ചപ്പിന്റെ ഓര്മത്തുരുത്തിനു തുടക്കം
1584454
Sunday, August 17, 2025 11:31 PM IST
മുട്ടം: ജില്ലാ കോടതിവളപ്പില്‍ പച്ചപ്പിന്റെ ഓര്മത്തുരുത്തിനു തുടക്കംകുറിച്ചു. ഹരിത കേരള മിഷന്റെ ചങ്ങാതിക്കൊരു തൈ, ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിന്റെ ഭാഗമായാണ് കോടതിവളപ്പിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിട്ടി ഓഫീസ് അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടത്.12 കോടതികളാണ് ജില്ലാ കോടതി സമുച്ചയത്തിലുള്ളത്. ഇതിന്റെ പ്രതീകമായി 12 വൃക്ഷത്തൈകളുള്ള ഓര്മത്തുരുത്താണ് സജ്ജമാക്കുന്നത്.
കെജിഒഎ, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിട്ടി എന്നിവയുടെ സഹകരണത്തോടെയാണ് ഓര്‍മത്തുരുത്ത് ഒരുക്കുന്നത്. കെജിഒഎ സ്പോണ്സര് ചെയ്ത വൃക്ഷത്തൈകള്‍ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യനില്‍നിന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് ഡിസ്ട്രിക്ട് ജഡ്ജി പി.എസ്. ശശികുമാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ചങ്ങാതിക്കൊരു തൈ എന്ന രീതിയില്‍ ന്യായാധിപര്‍ പരസ്പരം വൃക്ഷത്തൈകള്‍ കൈമാറി. ആദ്യ തൈ ജില്ലാ ജഡ്ജി നട്ടു.
ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജയ് പി. കൃഷ്ണ, വിവിധ ജഡ്ജിമാര്‍, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍, കെജിഒഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.