വയോധികരെ ചേർത്തുപിടിക്കുന്ന സംസ്കാരം വളർത്തിയെടുക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
1584455
Sunday, August 17, 2025 11:31 PM IST
അടിമാലി: വാർധക്യത്തിൽ എത്തിയവരെ ചേർത്തുപിടിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ അടിമാലി സെന്റ് ജൂഡ് ഫൊറോന പള്ളിയിൽ നടന്ന വയോജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
പ്രായമായവരെ കരുതേണ്ടതും പരിപാലിക്കേണ്ടതും പുതുതലമുറയുടെ ഉത്തരവാദിത്വമാണ്. അവരുടെ കഠിനാധ്വാനവും പ്രയത്നങ്ങളുമാണ് നമ്മുടെ കാലഘട്ടത്തെ ഇത്രമാത്രം സുന്ദരമാക്കുന്നത്. കേവലം ഒരു ദിവസത്തെ ആചരണത്തിനപ്പുറത്ത് ഇതൊരു സംസ്കാരമായി രൂപം പ്രാപിക്കണം. കഷ്ടതകളും മാനസിക പ്രതിസന്ധികളും അനുഭവിക്കുന്ന വയോധികർ ഉണ്ടാകാതിരിക്കുന്നതിനുള്ള ശ്രദ്ധ പുതിയ തലമുറയുടെ കടമയാണ്.
ആരോഗ്യമുള്ള നല്ല കാലമത്രയും കുടുംബത്തിനും പൊതുസമൂഹത്തിനും വേണ്ടി ഏറെ ത്യാഗം സഹിച്ച പൂർവികർ ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ സമാധാനപൂർണം ശാന്തമായി ജീവിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു.
രൂപത ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ മാർ നെല്ലിക്കുന്നേൽ വയോജനങ്ങളെ ആദരിച്ചു. അടിമാലി സെന്റ് ജൂഡ് ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികളും അവതരിപ്പിച്ചു.
അടിമാലി ഫൊറോന വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. മാത്യു അഴകനാക്കുന്നേൽ, സിസ്റ്റർ പ്രദീപ സിഎംസി, സിസ്റ്റർ സോഫിയ റോസ് സിഎംസി എന്നിവർ പ്രസംഗിച്ചു.