ആദിവാസിമേഖലകളിൽ ടൂറിസം പ്രയോജനപ്പെടുത്തും: മന്ത്രി റോഷി
1584452
Sunday, August 17, 2025 11:31 PM IST
ഇടുക്കി: ആദിവാസി ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകളുടെ പ്രാധാന്യമുള്‍ക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഊരുകൂട്ട സംഗമം നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ ഊരുകളിലും സംഘടിപ്പിക്കുന്ന പ്രത്യേക ഊരുത്സവങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോവില്‍മല രാജാവ് രാമന് രാജമന്നാന് വിശിഷ്ടാതിഥിയായിരുന്നു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, ജില്ലാ പഞ്ചായത്തംഗം രാജേന്ദ്രന്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ടി.ആര്. സെല്വരാജന്, അറക്കുളം പഞ്ചായത്തംഗം ഗീത തുളസീധരന്‍, എംജി യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാര്‍ പി.കെ. സജീവ്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗങ്ങളായ സി.പി. കൃഷ്ണന്, സി.ആര്. ദിലീപ് കുമാര്‍, കെ.എ. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വനാവകാശ രേഖകളുടെ വിതരണം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ഗോത്രവിഭാഗങ്ങളില്നിന്നു വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികളെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. തുടര്‍ന്ന് സെമിനാറും നടന്നു.